
പാലക്കാട്: കെ.എസ്.ആർ.ടി.സി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ സി.എൽ.ഔസേപ്പിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഈ മാസം ഏഴിനായിരുന്നു സംഭവം. വ പാലക്കാട് നിന്ന് വടക്കഞ്ചേരിയിലേക്ക് പോകുന്നതിനിടെ കുഴൽമന്ദം വെള്ളപ്പാറയിൽ വച്ച് രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്.
കെ.എസ്.ആർ.ടി.സി ബസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വലത് വശത്തേക്ക് വെട്ടിച്ചതോടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആലത്തൂർ കാവശേരി ഈടുവെടിയാൽ ഷീജാ നിവാസിൽ ആദർശ് മോഹൻ (23), സുഹൃത്ത് കാഞ്ഞങ്ങാട് ആഞ്ഞൂർ ആനന്ദാശ്രമം കാളിക്കടവ് ഉദയംകുന്നിൽ കെ.തമ്പാന്റെ മകൻ കെ. സാബിത്ത് (26) എന്നിവരാണ് മരിച്ചത്.