
കൊല്ലങ്കോട്: നെൽപ്പാടങ്ങളിൽ കാട്ടുപന്നിയുടെ ശല്യംമൂലം കൊയ്തെടുക്കാൻ പാകമായ നെൽകൃഷി നശിക്കുന്നതോടെ ജില്ലയിലെ കർഷകർക്ക് വീണ്ടും നഷ്ടം കണക്കു മാത്രം.
നെൽകൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന വടവന്നൂർ കൃഷിഭവന്റെ കീഴിലുള്ള കാരപ്പറമ്പ് പ്രകാശന്റെ തുമ്പുളം പൊറ്റയിലെ വിളഞ്ഞനെൽകൃഷി കാട്ടുപന്നികൾ നശിപ്പിച്ചത്. നെൽപ്പാടങ്ങളുടെ മധ്യത്തിലായി ഒരുകൂട്ടം കാട്ടുപന്നികൾ നെൽച്ചെടികളെ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ കനാൽ വെള്ളം കൃഷിയിടങ്ങളിൽ കെട്ടിനിർത്താൻ പോയ പ്രകാശനെ സമീപത്തുള്ള തോട്ടത്തിൽ നിന്നും വന്ന പന്നിക്കുട്ടികളുടെ ആക്രമണം നേരിടേണ്ടിവന്നു. അതിവേഗത്തിൽ പാടവരമ്പിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. രാസവളത്തിന്റെ വില വർദ്ധനവ് ഉൾപ്പെടെ മുൻവർഷത്തേക്കാൾ കൂടുതൽ തുകയാണ് ഇത്തവണ കർഷകർക്ക് ചെലവായത്. എങ്കിലും നല്ല വിളവാണ് ഇത്തവണ ലഭിച്ചതെങ്കിലും കാട്ടുപന്നികൾ കൂട്ടത്തോടെ കൃഷി നശിപ്പിക്കുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു.