padam

ചിറ്റൂർ: പെരുവമ്പ് പഞ്ചായത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള മരുന്ന് തളി പ്രയോഗത്തിന്റെ ഉദ്ഘാടനം പെരുവമ്പ് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹംസക്ക് നിർവ്വഹിച്ചു. കാർഷിക യന്ത്രവത്കരണം വളരെ അത്യാവശ്യമായിരിക്കുന്ന ഈ കാലത്ത് ഡ്രോൺ ഉപയോഗം വ്യാപകമാകുതോടെ കർഷകന്റെ കൃഷി ചിലവിൽ വമ്പിച്ച കുറവ് വരുത്താനാകുമെന്ന് പ്രസിഡന്റ് എസ്.ഹംസക്ക് അറിയിച്ചു. പെരുവമ്പ് പഞ്ചായത്തിൽ ആദ്യമായാണ് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നത്. ഒന്നാംവിളയോടെ പഞ്ചായത്തിലെ മറ്റ് പാടശേഖരങ്ങളിലും ഈ രീതി പരീക്ഷിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കും.

അലയപ്പാടം പാടശേഖര സമിതി സെക്രട്ടറി കാരയ്ക്കാട്ട് കളം രവീന്ദ്രന്റെ പാടത്തും പാർവ്വതി സുകുമാരൻ, ഷാഹുൽ ഹമീദ് എന്നിവരുടെ പാടങ്ങളിലുമാണ് പരീക്ഷണം തളിയ്ക്കൽ നടത്തിയത്. ജൈവ വളക്കൂട്ടായ വഞ്ചഗവ്യം, ഫിഷ് അമിനോ ആസിഡ്, പുൽത്തൈലം എന്നിവ അടങ്ങിയ ജൈവ വളക്കൂട്ടും ചാഴി വിരട്ടിയുമാണ് പരീക്ഷണത്തിന് ഉപയോഗിച്ചതെന്ന് കൃഷി ഓഫീസർ ടി.ടി.അരുൺ അറിയിച്ചു. ആത്മ പദ്ധതി ഭാരതീയ പ്രകൃതി കൃഷി പദ്ധതി എന്നീ പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കുറ്റി ഒന്നിന് 700 രൂപയാണ് ഡ്രോൺ ചിലവ്. ഏകദേശം ഒരു ഏക്കർ തളിയ്ക്കാനാകും. ജൈവവളം, ജൈവ കീടനാശിനി ഇവ ഡ്രോൺ ഉപയോഗിച്ച് തളിയ്ക്കുന്നത് ആദ്യമായാണെന്ന് ഡ്രോൺ ഉടമയും തേങ്കുറുശ്ശിയിലെ കർഷകനുമായ ജയപാലൻ പറഞ്ഞു. ചടങ്ങളിൽ വാർഡ് മെമ്പർ ഭവദാസ് അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റുമാരായ സജിതാ ബാനു, എം.ബി.ശ്രീനിവാസൻ, എ.മഞ്ജുഷ എന്നിവർ പങ്കെടുത്തു.