park

തൃത്താല: കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുകൾ വന്നതോടെ വിനോദത്തിനായി വെള്ളിയാങ്കല്ല് പൈതൃക പാർക്കിലെത്തുന്ന സന്ദർശകർ ഇരുട്ടിൽ തപ്പുന്നു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ദിനംപ്രതി നൂറ് കണക്കിനാളുകളാണ് പാർക്കിലെത്തുന്നത്.

കൊവിഡ് നിയന്ത്രണം പാലിച്ച് രാവിലെ 10മുതൽ രാത്രി 8വരെയാണ് സന്ദർശനം സമയം. എന്നാൽ സന്ധ്യയാകുന്നതോടെ പാർക്കിൽ വേണ്ടത്ര വെളിച്ചമില്ലാത്തതാണ് സന്ദർശകരെ ദുരിതത്തിലാക്കുന്നത്. പുഴയോട് ചേർന്നുള്ള പാർക്കിലെ നടപ്പാതയുടെ ഒരു വശം പൂർണമായും ഇരുട്ടിലാണ്. ഇഴ ജന്തുക്കളെ പേടിച്ച് മൊബൈൽ വെളിച്ചത്തിലാണ് സന്ദർശകർ പാർക്കിലിരിക്കുന്നത്. പാർക്കിലെ കാന്റീന് സമീപവും സ്ഥിതി വ്യത്യസ്തമല്ല. പാർക്കിൽ സ്ഥാപിച്ച മിക്ക വിളക്കുകളും അണഞ്ഞുകിടക്കുകയാണ്. തെരുവിൽ സ്ഥാപിച്ച വിളക്കിന് വെളിച്ചവും കുറവാണ്. ഇതിന് പരിഹാരം കാണാൻ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്. അതേസമയം വെള്ളിയാങ്കല്ല് പാർക്കിലെ സംരക്ഷണഭിത്തികൾ കഴിഞ്ഞ മഹാപ്രളയത്തിൽ തകർന്നിരുന്നു. ഇതുൾപ്പടെയുള്ള പുനർനിർമ്മാണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിലാണെന്നും പ്രകാശത്തിന്റെ കുറവുകൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കാമെന്ന് പാർക്ക് മാനേജർ അറിയിച്ചു.

ഫോട്ടോ.... വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ വിളക്കുകളുടെ അഭാവംമൂലം ഇരുട്ടുമൂടിയ കാഴ്ച