crime

-- കാരണം രാഷ്ട്രീയ വിരോധം

--- പ്രതികൾ എസ്.ഡി.പി.ഐക്കാർ

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ എസ്.ഡി.പി.ഐ നേതാക്കളും പ്രവർത്തകരുമായ പത്തു പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. 10 ജി. ബിയുള്ള സി.സി ടിവി ദൃശ്യങ്ങളും കുറ്റപത്രത്തിനൊപ്പം പാലക്കാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിക്ക് കൈമാറി. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ആകെ 20 പേരാണ് പിടിയിലായത്. ഇതിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 5 പേർ ഉൾപ്പെടെ റിമാൻഡിൽ കഴിയുന്ന 10 പേർക്കെതിരായ കുറ്റപത്രമാണ് പാലക്കാട് ടൗൺ സൗത്ത് സി.ഐ സമർപ്പിച്ചത്. മറ്റുള്ളവർക്കെതിരായ കുറ്റപത്രം അനുബന്ധമായി സമർപ്പിക്കും. പ്രതികൾക്ക് എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനാ നേതൃത്വങ്ങളിൽ നിന്ന് സഹായം ലഭിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.

2186 പേജുള്ള കുറ്റപത്രത്തിൽ 350 സാക്ഷികളെയും ആയിരത്തിലധികം ഫോൺ റെക്കാഡുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഡിവൈ.എസ്.പി പി.സി. ഹരിദാസ് പറഞ്ഞു. ആയുധങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം അടുത്ത ദിവസം സമർപ്പിക്കും.

2021 നവംബർ 15ന് രാവിലെ 9ന് കിണാശേരി മമ്പ്രത്തിന് സമീപം കാറിലെത്തിയ അഞ്ചംഗ സംഘമാണ് എലപ്പുള്ളി എടുപ്പുകുളം ശരത് നിവാസിൽ സഞ്ജിത്തിനെ ഭാര്യയുടെ കൺമുന്നിൽ വെട്ടിക്കൊലപ്പെടുത്തിയത്. ആർ.എസ്.എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖായിരുന്ന സഞ്ജിത്തിനെ രാഷ്ട്രീയ വിരോധം വച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ പൊള്ളാച്ചിക്ക് സമീപം ആക്രിക്കടയിൽ പൊളിച്ച് വിറ്റതിന്റെ തെളിവുകളും പൊലീസ് കണ്ടെത്തിയിരുന്നു.

ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ്, ഡിവൈ.എസ്.പി പി.സി. ഹരിദാസ്, ഇൻസ്‌പെക്ടർമാരായ ഷിജു എബ്രഹാം, എ. ദീപകുമാർ, ജെ. മാത്യു, എം. ശശിധരൻ, എൻ.എസ്. രാജീവ്, എം. സുജിത് എന്നിവരടങ്ങിയ 34 അംഗ അന്വേഷണസംഘമാണു പ്രതികളെ പിടികൂടിയത്.

പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നും സി.ബി.ഐ വേണമെന്നും ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ മാസം 18ന് ഹർജി പരിഗണിക്കും.