
പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ 46 മണിക്കൂർ കുടുങ്ങിക്കിടന്ന ബാബു ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമാണെന്ന വിലയിരുത്തിയ ശേഷമാണ് ഡിസ്ചാർജ് ചെയ്തത്. ബാബുവിനെ ഡിസ്ചാർജ് ചെയ്തതറിഞ്ഞ് വലിയ ആൾക്കൂട്ടമാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിയത്. ജില്ലാ കളക്ടർ മൃൺമയി ജോഷി, ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി. റീത്ത എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ബാബു ആശുപത്രി വിട്ടത്.
'ബാബു പ്ലീസ് വെൽകം ടു നേപ്പാൾ"
അതിനിടെ എവറസ്റ്റ് കീഴടക്കാൻ ബാബുവിനെ തേടി നേപ്പാളിൽ നിന്ന് ക്ഷണമെത്തി. 13 വർഷമായി നേപ്പാളിൽ താമസിക്കുന്ന ബോബി ആന്റണിയുടേതാണ് ക്ഷണം. ദുർഘടമായ സാഹചര്യത്തെ അതിജീവിച്ച ബാബുവിന്റെ വാർത്ത കണ്ടപ്പോഴാണ് അദ്ദേഹത്തെ എവറസ്റ്റ് കൊടുമുടി കീഴടക്കിക്കാൻ ക്ഷണിക്കാൻ തീരുമാനിച്ചതെന്ന് ബോബി പറഞ്ഞു. ബാബുവിന് താത്പര്യമുണ്ടെങ്കിൽ നേപ്പാളിലേക്ക് സ്വാഗതം ചെയ്യുകയാണ്. അദ്ദേഹത്തിന് എവറസ്റ്റ് കൊടുമുടി കീഴടക്കാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെങ്കിൽ കഴിയുന്ന എല്ലാ സഹായവും ചെയ്യാമെന്നും ബോബി പറഞ്ഞു.