health-centre

എടത്തനാട്ടുകര: അലനല്ലൂർ പഞ്ചായത്തിലെ പിന്നാക്ക മലയോര പ്രദേശങ്ങളിലെ ആയിരകണക്കിന് കുടുംബങ്ങൾ ചികിത്സകൾക്ക് ആശ്രയിക്കുന്ന ഉപ്പുകുളം ആരോഗ്യ ഉപകേന്ദ്രത്തിന് ഒടുവിൽ ശാപമോക്ഷമാവുന്നു. അലനല്ലൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ കീഴിൽ ഉപ്പുകുളം പൊൻപാറയിൽ 40 വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച ആരോഗ്യ കേന്ദ്രം കാലപ്പഴക്കത്തെ തുടർന്ന് തകർച്ചാ ഭീഷണി നേരിടുകയാണ്. അധികൃതരുടെ അനാസ്ഥയെ തുടർന്ന് കെട്ടിടം കഴിഞ്ഞ 10 വർഷക്കാലമായി ജീർണാവസ്ഥയിലാണ്. തകർന്ന് വീഴാറായ കെട്ടിടം മദ്യം - മയക്കുമരുന്നു വില്പനക്കാരുടെ താവളവും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രവുമായിട്ടുണ്ട്. ആരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് ഒന്നാം വാർഡ് മെമ്പർ നൈസി ബെന്നി ആരോഗ്യവകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് നിലവിൽ ഉപകേന്ദ്രത്തിന് പുതിയ കെട്ടിട നിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഉപ്പുകുളം സെന്റ് തോമസ് കോൺവെന്റ് അധികൃതർ ആരോഗ്യവകുപ്പിന് സൗജന്യമായി നൽകിയ സ്ഥലത്താണ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി ആരോഗ്യ ഉപകേന്ദ്രം നിർമ്മിച്ചത്. 24 മണിക്കൂറും ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സിന്റെ സേവനം കേന്ദ്രത്തിൽ ലഭിച്ചിരുന്നു. പൊതു ജനങ്ങൾക്ക് പ്രാഥമിക ചികിത്സകൾ, ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള കുത്തിവെയ്പ്പുകൾ വിവിധ ആരോഗ്യബോധവത്കരണ പരിപാടികൾ എന്നിവ ലഭ്യമാക്കാനായി ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ് പണികഴിപ്പിച്ചത്. ഓടക്കളം ആദിവാസി കോളനി, ചളവ, പടിക്കപ്പാടം, പാമ്പോട്ടിൽ, കുറുവപ്പാടം, മണ്ണാർക്കുന്ന്, മങ്ങാട്ടു തൊടി, പിലാച്ചോല പ്രദേശങ്ങളിലെ പട്ടികജാതി സങ്കേതങ്ങളിലെ കുടുംബങ്ങൾ ഉൾപ്പെടെ ആയിരകണക്കിന് കുടുംബങ്ങൾക്ക് കേന്ദ്രം ഉപകരിച്ചിരുന്നു. ഗതാഗത സൗകര്യങ്ങളില്ലാത്ത കാലത്തുപോലും പ്രാഥമിക ചികിത്സയ്ക്ക് കേന്ദ്രം പ്രയോജനപ്പെട്ടിരുന്നതാണ്. നിലവിൽ പ്രദേശവാസികൾക്ക് ആരോഗ്യ സേവനങ്ങൾ ലഭിക്കാൻ 13 കിലോമീറ്റർ യാത്ര ചെയ്ത് അലനല്ലൂരിൽ എത്തണം. പുതിയ കെട്ടിടം വരുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ആരോഗ്യ വകുപ്പ് അധികൃതർ, സാങ്കേതിക വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്രം സന്ദർശിച്ച് ജീർണാവസ്ഥ ബോദ്ധ്യപ്പെട്ടു. സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി സമർപ്പിക്കുന്ന മുറയ്ക്ക് ഭരണ - സാങ്കേതിക അനുമതി നൽകി കെട്ടിട നിർമ്മാണം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.

നൈസി ബെന്നി,വാർഡ് മെമ്പർ