
പാലക്കാട്: കുഴൽമന്ദം വെള്ളപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് രണ്ടു യുവാക്കൾ മരിച്ച സംഭവത്തിൽ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ദുർബല വകുപ്പുകൾ മാത്രമാണ് ഡ്രൈവർക്കെതിരെ ചുമത്തിയത് എന്നതുൾപ്പെടെയുള്ള പരാതികൾ പരിശോധിക്കും. അപകടം നടക്കുന്നതിന് മുമ്പ് ബസ് ഡ്രൈവറും യുവാക്കളും തമ്മിൽ വാക്കുതർക്കം നടന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഇതിന്റെ വൈരാഗ്യത്തിൽ മനപ്പൂർവം അപകടപ്പെടുത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം കുഴൽമന്ദം സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും അന്വേഷിക്കുക. യുവാക്കളുടെ രക്ഷിതാക്കളുടെ മൊഴിയും അപകട സമയം ബസിൽ യാത്ര ചെയ്തിരുന്നവരുടെയും മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. കൂടാതെ സി.സി ടിവി ദൃശ്യങ്ങളും ശേഖരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിൽ കെ.എസ്.ആർ.ടി.സി വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ തൃശൂർ പട്ടിക്കാട് സ്വദേശി സി.എൽ.ഔസേപ്പിനെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇയാളെ കഴിഞ്ഞദിവസം കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. മനപൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഫെബ്രുവരി ഏഴിന് രാത്രി 10 മണിക്കാണ് അപകടം നടന്നത്. പാലക്കാട് - തൃശൂർ ദേശീയപാതയിൽ വെള്ളപ്പാറയിൽവച്ച് കെ.എസ്.ആർ.ടി.സി ബസ് ട്രാക്ക് മാറി വലതുവശത്തേക്ക് നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ബസിൽ ഇടച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ടാണ് ബൈക്ക് ലോറിക്ക് ഇടയിലേക്ക് വീണത്. ആലത്തൂർ കാവശേരി ഈടുവെടിയാൽ ഷീജ നിവാസിൽ ആദർശ് മോഹൻ (23), സുഹൃത്ത് കാസർഗോഡ് കാഞ്ഞങ്ങാട് ആഞ്ഞൂർ ആനന്ദാശ്രമം കാളിക്കടവ് ഉദയംകുന്നിൽ കെ.തമ്പാന്റെ മകൻ കെ.സാബിത്ത് (26) എന്നിവരാണ് മരിച്ചത്.