padam

നെന്മാറ: കതിരുവന്ന നെൽപ്പാടങ്ങളിൽ നെൽക്കതിരിനെ മറികടന്ന് കളശല്യം വ്യാപകം. നെന്മാറ കൃഷിഭവൻ പരിധിയിലെ ചാത്തമംഗലം, ചീനിക്കോട്, അയിലൂർ കൃഷിഭവൻ പരിധിയിലെ ഒറവൻചിറ, അടിപാടം ഭാഗങ്ങളിലെ കൃഷിയിടങ്ങളിലാണ് കള വ്യാപകമായി നെല്ലിനൊപ്പം വളർന്നിരിക്കുന്നത്. ചെറുപ്രായത്തിൽ നെല്ലിന്റെ രൂപസാദൃശ്യവും ജനിതകഘടനയും ഉള്ളതിനാൽ ചെടികളിൽ നിന്ന് തിരിച്ചറിയാൻ പ്രയാസമായതിനാൽ പറിച്ചു മാറ്റാനും കഴിയാത്ത അവസ്ഥയാണ്. വിത നടത്തിയ പാടങ്ങളിലാണ് വ്യാപകമായി മുളച്ചു വരുന്നിരിക്കുന്നത്.

നൈട്രജൻ വളങ്ങൾ വ്യാപകമായി വലിച്ചെടുക്കാൻ ശേഷിയുള്ള കളയായതിനാൽ നെല്ലിന്റെ വളർച്ചയെ സാരമായി ബാധിക്കും. നിരവധിതവണ കളനാശിനി പ്രയോഗം നടത്തിയെങ്കിലും പുല്ലു വർഗ്ഗത്തിൽപെട്ട കള നശിച്ചു പോയിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. ഇംഗ്ലീഷിൽ ബാൺയാട് മില്ലെറ്റ്, കോക്സ് സ്പർ എന്നും പേരുണ്ട്. കോഴികളുടെ കാൽ വിരലുകളോട് ഇതിന്റെ കതിരിന് സാദൃശ്യം ഉള്ളതിനാൽ ഈ പേരു വന്നത്. നെല്ലിന് കതിരു വരുന്നതിന് മുന്നോടിയായി തന്നെ ഈ കള കതിരിടുകയും തണ്ടുകൾ നീണ്ടുവളർന്ന് ഏറ്റവും ഉയരത്തിൽ നിൽക്കുകയും ചെയ്യും.

മൂന്നുതവണ വളം ഇടലും രണ്ടുതവണ കളപറിയും കളനാശിനി പ്രയോഗവും നടത്തിയിട്ടും നെല്ലിന്റെ കതിരിനു മുമ്പായി ഈ കള കതിരിടുകയും ചെയ്തു. നിലവിൽ നെല്ലിന് കതിരു നിരന്നതിനാൽ ഇനി പറിച്ചു മാറ്റൽ എളുപ്പമല്ല. വലിയ കൂലി ചെലവ് വരുമെങ്കിലും പാടങ്ങളിൽ ഇറങ്ങി പഠിക്കുന്നത് നെൽചെടികളെ ചവിട്ടി നടക്കേണ്ട സ്ഥിതി വരും. കൂടാതെ നെല്ല് ഓലകൾ തട്ടി കയ്യിലും കാലിലും മുറിവുണക്കാനും സാധ്യതയുള്ളതിനാൽ പാന്റ്, ഷർട്ട് എന്നിവ ധരിച്ച് പാടത്ത് ഇറങ്ങേണ്ട സ്ഥിതിയാണെന്നാണ് കർഷകർ പറയുന്നത്.

കള പറിച്ചുമാറ്റുന്ന അധികചെലവ് കണക്കിലെടുത്ത് മിക്ക കർഷകരും പറിച്ചു മാറ്റാതെ ഇട്ടിരിക്കുകയാണ്. എന്നാൽ ഇവയിൽ നിന്ന് കൊഴിഞ്ഞു വീഴുന്ന വിത്തുകൾ വേനൽ മഴയിൽ മുളച്ചു നശിച്ച് അടുത്ത വിളയെ ബാധിക്കില്ലെന്ന് പ്രതീക്ഷയിലാണ് കർഷകർ. ഇത്തരം കളകൾക്ക് മത്സരിച്ചു വളരാനുള്ള കഴിവുള്ളതിനാൽ നെല്ലിന്റെ വിളവിനെ സാരമായി ബാധിച്ചിട്ടുണ്ട്. വെള്ളത്തിലൂടെയോ വിത്തിലൂടെയോ ആയിരിക്കാം ഇത്തരം കള വ്യാപിച്ചിരിക്കുന്നത് എന്നാണ് കർഷകരുടെ നിഗമനം.