
പാലക്കാട്: മൂന്നാം കൊവിഡ് ഭീതിയെ തുടർന്ന് മൂന്നാഴ്ചയോളം അടച്ചിട്ട സ്‌കൂളുകൾ ഇന്നുമുതൽ വീണ്ടും തുറക്കും. ഒന്നു മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളിലേക്ക് എത്തുന്നത്. കൊവിഡ് വ്യാപനഭീതി കുറഞ്ഞ സഹാചര്യത്തിൽ സാധാരണപോലെ സ്‌കൂൾ പ്രവർത്തിക്കുമെന്ന പ്രതീക്ഷയോടെയാണ് വിദ്യാർത്ഥികൾ. കൊവിഡ് മൂന്നാംതരംഗം പിടിമുറുക്കിയപ്പോൾ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ജനുവരി 21ആണ് സ്‌കൂളുകൾ അടച്ചത്. നിലവിൽ ഒമ്പതാം ക്ലാസുവരെ ആദ്യം ഉച്ചവരെയാകും ക്ലാസുകൾ ഉണ്ടാവുക. 10, 11, 12 ക്ലാസുകൾ നിലവിലെ രീതിയിൽ നടക്കും. ജനുവരി 21 മുതൽ എല്ലാ ക്ലാസുകൾ പൂർണതോതിൽ തുറക്കും. മുഴുവൻ കുട്ടികളും സ്‌കൂളിലെത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. കൂടാതെ ഇനി മുതൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൊതുഅവധി ദിവസങ്ങൾ ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവർത്തിദിനമായിരിക്കും. കൊവിഡ് സുരക്ഷാമാനദണ്ഡം പാലിച്ചായിരിക്കും സ്‌കൂളുകൾ പ്രവർത്തിക്കുക. ഇതിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളിലെല്ലാം ശുചീകരണ പ്രവർത്തനം പൂർത്തിയായി.
ജാഗ്രത കൈവിടരുത്
1.വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് സ്കൂളുകളിൽ വിദ്യാർത്ഥികളെ എത്തിക്കുന്ന രക്ഷിതാക്കൾ ഗേറ്റിനുള്ളിൽ പ്രവേശിക്കരുത്.
2.വിദ്യാർത്ഥികളും അദ്ധ്യാപകരും കൊവിഡ് മാനദണ്ഡം പാലിക്കണം.
3.ഒരു ബെഞ്ചിൽ പരമാവധി രണ്ടുപേർ മാത്രം.
4.മാസ്‌ക് നിർബന്ധം, കൈ അണുവിമുക്തമാക്കണം, സാനിറ്റൈസർ കയ്യിൽ കരുതണം.
5.വിദ്യാർത്ഥികൾ കൂട്ടംകൂടി നിൽക്കരുത്.
6.വെള്ളം വീട്ടിൽനിന്ന് കൊണ്ടുവരണം, വെള്ളവും ഭക്ഷണവും പങ്കുവയ്ക്കരുത്.
7.പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം.
8.പനിയോ മറ്റ് പ്രശ്നങ്ങളോ തോന്നിയാൽ അദ്ധ്യാപകരെ അറിയിക്കണം.
9.അദ്ധ്യാപകരുടെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശം പാലിക്കണം.
10.വ്യക്തിശുചിത്വം, പരിസരശുചിത്വവും പാലിക്കണം.