
ശ്രീകൃഷ്ണപുരം: കാട്ടുകുളം പരിയാനമ്പറ്റ ഭഗവതിക്ഷേത്രത്തിലെ പൂരാഘോഷത്തിന് കൊടിയേറ്റത്തോടെ തുടക്കമായി. വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്രം തന്ത്രി ഈക്കാട്ടു മന നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. കൊടിയേറ്റത്തിന് ശേഷം ആറാട്ട് എഴുന്നെള്ളിപ്പ്, തിറ, പൂതൻ വരവ് നടന്നു.കൊടിയേറ്റ ദിനം മുതൽ പൂരം ദിനമായ 19 വരെ എല്ലാ ദിവസവും ആറാട്ട് എഴുന്നെള്ളിപ്പ്, നാദസ്വരം, തോൽപ്പാവകൂത്ത് എന്നിവ ഉണ്ടാകും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ക്ഷേത്ര ചടങ്ങുകൾ മാത്രമായി ചുരുക്കി കൊണ്ടാണ് പൂരം നടത്തിപ്പ്.ചെറിയാറാട്ട് ദിനമായ 17 ന് രാത്രി 9 ന് ഇടമന കുതിര വരവ്, തുടർന്ന് തായമ്പക, എഴുന്നെള്ളിപ്പ്, വലിയാറാട്ട് ദിനത്തിൽ രാവിലെ 9 ന് കാഴ്ച ശീവേലി, ഉച്ചക്ക് 2 ന് ഓട്ടൻ തുള്ളൽ, 4 ന് തേര്, കുതിര വരവ്, എഴുന്നെള്ളിപ്പ്, നാദ സ്വരം, ഇരട്ട തായമ്പക, പൂരം ദിനത്തിൽ രാവിലെ കാഴ്ച ശീവേലി, പഞ്ചവാദ്യം, ഉച്ചക്ക് 2.30 ന് പാഠകം, 5 ന് വേലയിറക്കം, തേര്, കുതിര, കാളകളി. മൂന്ന് ദേശ പൂരങ്ങളിൽ നിന്നും ഒരു ആനയെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് പകൽ പൂരം നടക്കും. 20 ന് രാവിലെ ആറാട്ട് എഴുന്നെള്ളിപ്പ് തുടർന്ന് പഞ്ചാരി മേളത്തോടെ കൊടിയിറക്കി, അരിയേറ് എന്നിവ ഉണ്ടാകും.