
പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടർന്ന് നീണ്ട രണ്ടുവർഷത്തോളം അടച്ചിട്ട അങ്കണവാടികൾ ഇന്നലെ തുറന്നതോടെ വീടുകളിൽ ഒതുങ്ങിയ കുരുന്നുകൾ വീണ്ടും വിദ്യഭ്യാസ ലോകത്തിലേക്കെത്തി. കൊവിഡ് ഒന്നാംതരംഗത്തെ തുടർന്ന് 2020 മാർച്ചിൽ ആദ്യത്തെ ലോക്ഡൗൺ കാലത്താണ് അങ്കണവാടികൾ അടച്ചിട്ടത്. തുടർന്ന് വിക്ടേഴ്സ് ചാനലിലെ കിളിക്കൊഞ്ചൽ എന്ന പ്രീസ്‌കൂൾ പരിപാടിയായിലൂടെയായിരുന്നു കുരുന്നുകളുടെ പഠനം നടന്നത്. കൂടാതെ ഓൺലൈനായി രസകരമായി ക്ലാസുകളും നടത്തിവരുന്നിരുന്നു. എന്നിരുന്നാലും നീണ്ടക്കാലം വീടുകളിൽ മാത്രം ഒതുങ്ങിയ കുരുന്നുകൾ എത്തിയതോടെ ജില്ലയിലെ അങ്കണവാടികൾക്ക് പുത്തൻ ഉണർവ്വാണ് ഉണ്ടായത്. ജില്ലയിൽ 2,835 അങ്കണവാടികളാണുള്ളത്. മൂന്നു മുതൽ ആറു വയസ്സ് വരെയുള്ള 40,000ത്തിലധികം കുട്ടികളാണ് പഠിക്കുന്നത്.
കുരുന്നുകളെ അങ്കണവാടിയിലേക്ക് അദ്ധ്യാപകരും ജീവനക്കാരും ആവേശത്തോടെയാണ് വരവേറ്റത്. വർണ്ണാഭമായ ചിത്രങ്ങളോടെ അലങ്കാരങ്ങൾ ഒരുക്കിയാണ് ജില്ലയിലെ ഭൂരിഭാഗം അങ്കണവാടികൾ ഒരുക്കിയിരുന്നത്. ഒന്നും രണ്ടും തരംഗത്തിലേത് പോലെ മൂന്നാംതരംഗം ഭീതിയല്ലെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തലിന് പുറമെ തുടർച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലിന് തുടർന്നാണ് അങ്കണവാടികളും കിന്റൻഗാർഡുകളും തുറക്കാൻ തീരുമാനിച്ചത്. അങ്കണവാടികൾ തുറന്നതോടെ കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരം കൃത്യമായി നൽകാനും സാധിക്കും. കുരുന്നുകളുടെ സുരക്ഷ മുന്നിൽകണ്ട് ജീവനക്കാരെല്ലാം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചും കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് അങ്കണവാടികൾ പ്രവർത്തിക്കുകയെന്ന് അധികൃതർ പറഞ്ഞു. ആദ്യത്തെ ഒരുമാസം പ്രവർത്തനം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30വരെ ആയിരിക്കും. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവർത്തിദിനമായിരിക്കും.