
പാലക്കാട്: ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെതിരെ ഒടുവിൽ കേസെടുത്ത് വനംവകുപ്പ്. വനത്തിൽ അതിക്രമിച്ച് കടന്നതിന് കേരള ഫോറസ്റ്റ് ആക്റ്റ് (27) പ്രകാരമാണ് കേസ്. ഒരുവർഷം വരെ തടവും 5000 രൂപ പിഴയും ലഭിക്കാവുന്നുന്ന വകുപ്പാണിത്.
ഇന്നലെ ഉച്ചയോടെ ബാബുവിന്റെ വീട്ടിലെത്തിയ വാളയാർ റെയ്ഞ്ച് ഓഫീസർ യുവാവിന്റെ മൊഴിയെടുത്ത ശേഷമാണ് കേസ് ചാർജ് ചെയ്തത്. ബാബുവിനൊപ്പം മലകയറിയ വിദ്യാർത്ഥികൾക്കെതിരെയും കേസുണ്ട്. ബാബുവിനെതിരെ കേസെടുക്കില്ലെന്ന് നേരത്തെ വനം മന്ത്രി എൻ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ബാബുവിനെ സൈന്യം രക്ഷിച്ചതിന് ശേഷം ആളുകൾ കൂർമ്പാച്ചി മലകയറുന്നത് തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ബാബുവിനെതിരെ കേസെടുക്കാൻ നിർബന്ധിതരായത്.
ബാബു കയറിയ ചെറാട് കൂർമ്പാച്ചി മലയിൽ ഞായറാഴ്ച വീണ്ടും ആളുകൾ കയറിയിരുന്നു. മലയിൽ കയറിയ ആളെ താഴെയെത്തിച്ചു. ഞായറാഴ്ച രാത്രി മലയുടെ മുകൾ ഭാഗത്ത് നിന്നും ഫ്ലാഷ് ലൈറ്റുകൾ തെളിഞ്ഞത് ആദ്യം നാട്ടുകാരാണ് കണ്ടത്. വനപാലകരും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി 12.30 ഓടെ ആനക്കല്ല് സ്വദേശിയായ രാധാകൃഷ്ണൻ (45) എന്നയാളെ താഴെയെത്തിച്ചു. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് ഇയാൾ മല കയറിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുന്ന രാധാകൃഷ്ണനെ വനംവകുപ്പിന്റെ നൈറ്റ് പട്രോളിംഗ് സംഘം ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച രാത്രി മല മുകളിൽ മൂന്നോളം ഫ്ലാഷ് ലൈറ്റുകൾ തെളിഞ്ഞതായി നാട്ടുകാർ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പിന്റെ 15 അംഗ സംഘം ഇന്നലെ ഉച്ചയോടെ മല കയറിയിട്ടുണ്ട്. ഇവർ രാത്രി മുഴുവൻ വനമേഖലയിൽ തെരച്ചിൽ നടത്തും
ഇനി ഇളവ്
പ്രതീക്ഷിക്കേണ്ടെന്ന്
ചെറാട് മലയിൽ കുടുങ്ങിയ ശേഷം സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന് ലഭ്യമായ ഇളവ് ഇനി ആരും പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ചെറാട് മലയിലേക്കുള്ള അനാവശ്യ യാത്ര തടയും. ഏതുവഴിക്കാണ്, ഏത് ലക്ഷ്യത്തിലേക്ക് ആളുകൾ പോകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താൻ സമഗ്രമായ പരിശോധന നടത്താൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
. ഒരു കാരണവശാലും അനധികൃത കടന്നുകയറ്റം അനുവദിക്കില്ല. . കൂടുതൽ ആർ.ആർ.ടിമാരെ നിയോഗിക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.