
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ റോഡിന്റെ നിർത്തിവെച്ച പണികൾ ഉടൻ പുനരാരംഭിക്കുന്നതിന് കെ.വി.വി.ഇ.എസ് കാഞ്ഞിരപ്പുഴ യൂണിറ്റ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. റോഡ് പണി നിർത്തിവെച്ചതു മൂലം ദുരിതത്തിലായ നാട്ടുകാരുടെയും വ്യാപാരികളുടെയും യാത്രാ ബുദ്ധിമുട്ടുകൾ ഉടൻ പരിഹരിക്കുന്നതിന് വേണ്ടിയാണ് വ്യാപാരി നേതൃത്വം ഹൈക്കോടതിയെ സമീപിക്കുന്നത്. കാഞ്ഞിരപ്പുഴ ഡാം കാണാനെത്തുന്ന ടൂറിസ്റ്റുകളും റോഡിന്റെ ദുരവസ്ഥമൂലം വളരെ ദുരിതം സഹിച്ചാണ് ഇവിടെ എത്തുന്നത്. ഈ വിഷയത്തിൽ മുമ്പ് ഹർത്താൽ അടക്കം നടന്നിരുന്നു. ഇനിയും ഈ ദുരിതം സഹിക്കാൻ കഴിയില്ല എന്നതിനാലാണ് കാഞ്ഞിരപ്പുഴ യൂണിറ്റ് ഭാരവാഹികളായ ജോർജ് നമ്പുശ്ശേരി, ബിജുമോൻ, പ്രകാശ്, സുനിൽ എന്നിവർ എറണാകുളത്ത് എത്തി ഹൈക്കോടതി വക്കീലിന് വക്കാലത്ത് നൽകിയത്. വിഷയത്തിൽ കോടതി ഇടപ്പെട്ടെങ്കിലും നിർത്തിവെച്ച പണികൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് കാഞ്ഞിരപ്പുഴയിലെ വ്യാപാരികളും നാട്ടുകാരും.