wild-animal

നെല്ലിയാമ്പതി: ജനവാസ മേഖലയ്ക്ക് സമീപം പൊതുകിണറിൽ കടുവ ചത്ത നിലയിൽ. നെല്ലിയാമ്പതി കുനംപാലം മേപ്പാടിയിലെ പൊതുകിണറിലാണ് എട്ടു വയസ് പ്രായമുള്ള പെൺകടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ ജഡത്തിന് മൂന്നു ദിവസം പഴക്കമുണ്ട്.
എ.വി.ടി തേയില തോട്ടത്തിലെ തൊഴിലാളികൾ താമസിക്കുന്ന പാടിയിലേക്ക് കുടിവെള്ളമെടുക്കുന്ന വീതി കുറഞ്ഞ കിണറിലാണ് കടുവയെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ലൈൻ ഓഫ് ചെയ്തതോടെ വെള്ളമെടുക്കാനെത്തിയ തൊഴിലാളികളാണ് കിണറിൽ കടുവയും, പാമ്പും ചത്ത നിലയിൽ കണ്ടെത്തിയത്. ഇരയെ പിടികൂടുന്നതിനായി ഓടിച്ചുവരുന്നതിനിനിടയിൽ കിണറിൽ വീണതാകമെന്നാണ് പ്രാഥമിക നിഗമനം. നെല്ലിയാമ്പതി റേഞ്ച് ഓഫീസർ കെ.ആർ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കടുവയെ പുറത്തെടുത്തു. ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടം നടത്തുമെന്നും റേഞ്ച് ഓഫീസർ പറഞ്ഞു.