festival

ഒറ്റപ്പാലം: ചിനക്കത്തൂർ പൂരത്തിന് തലയെടുപ്പ് ചാർത്തി ബഹുനില അലങ്കാര പന്തലുകൾ ഒരുങ്ങുന്നു. കാവ് പറമ്പിലും ഏഴ് ദേശങ്ങളിലും വർണവിസ്മയം തീർക്കുന്ന ദീപാലങ്കൃതമായ ബഹുനില പന്തലുകളാണ് ഉയരുന്നത്.

പൂരം കൊടിയേറ്റത്തിന് മുമ്പുതന്നെ ഏഴ് ദേശങ്ങൾ മത്സരിച്ചൊരുക്കുന്ന പന്തലുകളുടെ നിർമാണം തുടങ്ങും. ആവേശം പകരാൻ പൂതനിറങ്ങുന്നതോടെ പിന്നാലെ ബഹുനില പന്തലുകളും ഉയർന്നുതുടങ്ങിയിട്ടുണ്ടാകും. ചിനക്കത്തൂർ ക്ഷേത്രത്തിലും ഏഴ് ദേശങ്ങളിലുമാണ് പന്തലുകൾ നിർമിക്കാറുള്ളത്. പൂരത്തിന്റെ രണ്ടുദിവസം മുമ്പ് താലപ്പൊലി ദിവസം വർണങ്ങൾതീർത്ത് പന്തലുകൾ ദീപാലംകൃതമാകും. വ്യാഴാഴ്ചയാണ് പൂരം. ബുധനാഴ്ചയും വ്യാഴാഴ്ചയും പന്തലുകൾ മുഴുവൻ സമയം മിന്നിത്തെളിയും. പല നിലകളിലായി ഒരുക്കുന്ന പന്തലിൽ നൂറുകണക്കിന് ബൾബ് മാലകൾ കൊണ്ടുള്ള ദീപാലങ്കാരമാണ് പൂരപ്രേമികളെ ആകർഷിക്കാറുള്ളത്.

പതിവുപോലെ ദേവസ്വം നേതൃത്വത്തിൽ ക്ഷേത്രത്തിനുമുന്നിലാണ് ഇത്തവണയും പന്തലും വിപുലമായ ദീപാലങ്കാരവും ഒരുക്കിയിട്ടുള്ളത്. ഒറ്റപ്പാലം ദേശപ്പന്തലൊരുങ്ങുന്നത് എൻ.എസ്.എസ്.കെ.പി.ടി. സ്‌കൂൾ മൈതാനത്താണ്. ചിനക്കത്തൂർക്കാവ് മൈതാനത്ത് ദേശ കമ്മിറ്റി ഓഫീസിന് മുമ്പിലാണ് പാലപ്പുറംദേശം പന്തലൊരുക്കിക്കൊണ്ടിരിക്കുന്നത്.

കയറമ്പാറ ജംഗ്ഷനിൽ മീറ്റ്ന ദേശവും ലക്കിടി കൂട്ടുപാത കവലയിൽ വടക്കുംമംഗലം ദേശവും എൻ.എസ്.എസ്. കോളേജിന് സമീപം പല്ലാർമംഗലം ദേശവും തിരുവില്വാമല റോഡിൽ കുഞ്ചൻസ്മാരക വായനശാലയ്ക്കുസമീപം തെക്കുംമംഗലം ദേശവും പന്തലുകൾ ഒരുക്കുന്നുണ്ട്. വ്യാഴാഴ്ചയാണ് ചിനക്കത്തൂർ പൂരം.