ksrtc

പാലക്കാട്: ഉറക്കം അകറ്റാനും വേഗത കൂട്ടാനും നിരോധിത പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ പിടിയിൽ. പാലക്കാടിനും ആലത്തൂരിനും ഇടയിൽ ദേശീയപാതയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് പുകയില ഉല്പന്നങ്ങൾ പിടികൂടിയത്. കഴിഞ്ഞ ആഴ്ച കുഴൽമന്ദം വെള്ളപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് രണ്ട് യുവാക്കൾ ദാരുണമായി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച രാത്രി മോട്ടോർ വാഹന വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. ഒരു മണിക്കൂറിനുള്ളിൽ 12 ബസുകൾ പരിശോധിച്ചപ്പോൾ അതിൽ ഒമ്പത് ഡ്രൈവർമാരും നിരോധിത പുകയില ഉല്പന്നങ്ങളായ പാൻമസാല, പുകയില തുടങ്ങിയവ ഉപയോഗിക്കുന്നതായി കണ്ടെത്തി.
ഓടിക്കുന്നതിനിടെ കഴിക്കുന്നതിനു വേണ്ടി പോക്കറ്റിലും ബാഗിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചനിലയിലാണ് ഇവ കണ്ടെത്തിയത്. പരിശോധനയ്ക്കിടെ കടലയും കായവറുത്തതുമാണെന്ന് പറഞ്ഞ് ചിലർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിശദമായ പരിശോധിച്ചപ്പോൾ ഇവരിൽ നിന്നും പുകയില ഉല്പന്നങ്ങൾ കണ്ടെത്തുകയായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. പരിശോധന വിവരം ചോർന്നതോടെ പുറകെ വന്ന ജീവനക്കാർ കൈയിലുള്ള നിരോധിത പുകയില ഉല്പന്നങ്ങൾ വലിച്ചെറിഞ്ഞെന്നും വരും ദിവസങ്ങളിൽ ഇത്തരത്തിൽ പരിശോധന നടത്തുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രാത്രി തുടങ്ങിയ പരിശോധന ഇന്നലെ പുലർച്ചെ വരെ നീണ്ടു.
ഉറക്കം വരാതിരിക്കാനും കൃത്യമായ വേഗതയിൽ മുന്നേറാനും പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവെന്നാണ് ഡ്രൈവർമാരുടെ വാദം. എന്നാൽ അധികം ലഹരി ഉല്പനങ്ങൾ കഴിച്ചാൽ ഉറക്കത്തിനും അപകടത്തിനുമിടയാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. പരിശോധനയ്ക്കിടെ കാലാവധി കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കാതെ ജോലിയെടുക്കുന്ന കണ്ടക്ടറെയും പിടികൂടി. ഇവർക്കെതിരെ വകുപ്പതല നടപടിക്ക് ശിപാർശ ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. ശിപാർശ പരിശോധിച്ച് ന്യായമാണെങ്കിൽ ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുമെന്ന് കെ.എസ്.ആർ.ടി.സി എ.ടി.ഒ ടി.എ.ഉബൈദ് പറഞ്ഞു.