
ഷൊർണൂർ: മഞ്ഞക്കാട് റോഡിൽ വാട്ടർ അതോറിട്ടി പൈപ്പ് ലൈൻ പ്രവർത്തനങ്ങൾക്കായി പൊളിച്ച റോഡ് പൂർവ്വസ്ഥിതിയിലാക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. റോഡ് പൊളിച്ചിട്ട് ഒന്നരമാസം പിന്നിട്ടിട്ടും കുഴിയെടുത്തത് പഴയ സ്ഥിതിയിലാക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. നിലവിൽ പൈപ്പ് പൊട്ടി പുഴപോലെയാണ് വെള്ളം ഒഴുകുന്നത്. ഏറെ യാത്രാ തിരക്കുള്ളതും നിരവധി വീടുകളുമുള്ള മഞ്ഞക്കാട് ബാല ഭഭ്രാദേവീ ക്ഷേത്രത്തിലേക്കുള്ള റോഡിൽ പഴയ പൈപ്പ് ലൈനിലുണ്ടായ വിള്ളൽമൂലം മുമ്പ് വലിയ കുഴിയായിരുന്നു. നാട്ടുകാർ പരാതി നൽകിയതോടെയാണ് വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിൽ റോഡിൽ വലിയ കുഴിയെടുത്ത് പൈപ്പിന്റെ പണി നടത്തിയത്.