
ഒരു കിലോ ചക്കയ്ക്ക് വിപണിയിൽ 40 മുതൽ 50 രൂപയാണ് വില
വടക്കഞ്ചേരി: ഒരിടവേളയ്ക്ക് ശേഷം ചക്കയ്ക്ക് വീണ്ടും നല്ലക്കാലം. പച്ചച്ചക്ക ശേഖരിക്കാൻ വ്യാപാരികൾ എത്തിത്തുടങ്ങി. പ്ലാവുകളുള്ള വീടുകളിൽ പെട്ടി ഓട്ടോയുമായി എത്തി കറിക്ക് ഉപയോഗിക്കാനും ഇടിച്ചക്കയായും ഉപയോഗിക്കാൻ പറ്റുന്ന കൂടുതൽ വലുപ്പം വെക്കാത്ത ആറു കിലോ വരെ തൂക്കമുള്ള ചക്കയാണ് ശേഖരിക്കുന്നത്. പ്ലാവുകളിൽ അമിതമായി തിങ്ങിനിറഞ്ഞ് അധികം വലിപ്പം വയ്ക്കാതെ നിൽക്കുന്ന പച്ച ചക്കയാണ് വ്യാപാരികൾ വാങ്ങി കൊണ്ടു പോകുന്നത്. ചക്കകൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന പ്ലാവുകളിൽ നിന്ന് ഇടത്തരം ചക്കകൾ പറിച്ചു മാറ്റുന്നത് ശേഷിക്കുന്ന ചക്കകൾ വലുപ്പം വയ്ക്കുന്നതിനും പെട്ടെന്ന് മൂപ്പ് ആവുന്നതിനു സൗകര്യമെന്ന് പ്ലാവ് കർഷകരും പറയുന്നു. വ്യാപാരികൾ തന്നെ പ്ലാവിൽ കയറി ചക്ക പറിച്ചു മാറ്റുന്നതിനാൽ പ്ലാവ് ഉടമയ്ക്ക് എണ്ണം പിടിക്കേണ്ട ജോലി മാത്രമേയുള്ളൂ വലിപ്പവും നീളവും ആറ് കിലോ വരെ തൂക്കവും ഉള്ളതനുസരിച്ച് 20 മുതൽ 30 രൂപ ഒരു ചക്കയ്ക്ക് വില നൽകുന്നുണ്ട്.ഇത് വിപണിയിൽ 300 വില വരും. വടക്കഞ്ചേരിയിലുള്ള മൊത്തവ്യാപാര കേന്ദ്രത്തിലേക്കാണ് ചക്കകൾ കൊണ്ടുപോകുന്നത് അവിടെനിന്ന് ദിവസവും ഒരു ലോഡ് പച്ചച്ചക്കയാണ് വടക്കേ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതെന്ന് വ്യാപാരികൾ പറയുന്നു. കറിക്ക് ഉപയോഗിക്കാനും ചില പ്രത്യേക പലഹാരങ്ങൾ നിർമ്മിക്കാനുമാണ് ചക്ക കൊണ്ടുപോകുന്നത്. മൂക്കാത്തതും ചുളയായി എടുക്കാൻ പാകമാകാത്തതുമാണ് കച്ചവടക്കാർ ശേഖരിക്കുന്നത്. പഴുത്ത ചക്കയ്ക്ക് ആവശ്യക്കാരുടെ കുറവും വിപണിയും ഇല്ലാതിരിക്കുന്ന സമയത്ത് വീടുകളിലെത്തി ഒന്നിച്ച് ചക്ക സംഭരിച്ച് പോകുന്നത് വീട്ടുകാർക്കും ആശ്വാസമായി. സാധാരണ ചക്ക വറുക്കുന്ന സീസണിലും പഴുക്കാറായത് പഴ വിപണിയിലേക്കുമാണ് പോകുന്നത്. പാകമാകുമ്പോൾ വ്യാപാരികൾ എത്തിയില്ലെങ്കിൽ മലയണ്ണാനും കുരങ്ങും പക്ഷികളും തിന്നു നശിപ്പിക്കുന്നതിൽ നിന്ന് രക്ഷയായി മാറിയിരിക്കുകയാണ് പുതിയ പച്ചച്ചക്ക വിപണി. മറ്റു കാർഷികവിളകളെ പോലെ ചക്കയ്ക്കു പ്രത്യേക വിപണി ഇല്ലാത്തതും പ്ലാവ് കർഷകരെ കുഴക്കുന്ന പ്രശ്നമാണ്. ചക്കകൊണ്ട് വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഉണ്ടാക്കാറുണ്ടെങ്കിലും മരങ്ങളിൽ നിന്ന് പറിച്ചെടുക്കാനും പ്രത്യേക വിപണി ഇല്ലാത്തതും ചക്ക ഉൽപാദകർ നേരിടുന്ന പ്രധാന പ്രശ്നമാണ്.