murder

 മൃതദേഹം കണ്ടെത്തി

 അന്വേഷണം ലഹരി കടത്തു സംഘത്തിലേക്കും

ഒറ്റപ്പാലം: രണ്ടുമാസം മുമ്പ് സുഹൃത്തായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തലിനു പിന്നാലെ പൊലീസ് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറത്തെ അഴീക്കൽ പറമ്പിൽ നിന്നാണ് പാലപ്പുറം ഐക്കരപറമ്പ് കയലത്ത് വീട്ടിൽ ഇബ്രാഹിമിന്റെ മകൻ
മുഹമ്മദ് ആഷിഖിന്റേതെന്ന് (24) സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തത്. ജീർണിച്ച നിലയിലായിരുന്നു. കാടുപിടിച്ചുകിടക്കുന്ന ആളൊഴിഞ്ഞ സ്ഥലമാണിത്. ഡി.എൻ.എ പരിശോധന നടത്തി മൃതദേഹം ആഷിഖിന്റേതാണെന്ന് ശാസ്ത്രീയമായി ഉറപ്പാക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിനായി സാമ്പിൾ ശേഖരിച്ചു. എന്നാൽ, മൃതദേഹം ആഷിഖിന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കൈയിൽ കെട്ടിയ ചരടും വിരലിലെ മോതിരവും കണ്ടാണ് തിരിച്ചറിഞ്ഞത്.

2015ൽ ഒരു മൊബൈൽ ഷോപ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസിനെ കഴിഞ്ഞദിവസം പട്ടാമ്പി പൊലീസ് അറസ്റ്റുചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് വെളിപ്പെടുത്തലുണ്ടായത്. കൂട്ടുപ്രതിയായ ആഷിഖ് എവിടെയാണെന്ന ചോദ്യത്തിനായിരുന്നു താൻ കൊന്ന് കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബർ 17ന് രാത്രി ഈസ്റ്റ് ഒറ്റപ്പാലത്തെ മിലിട്ടറി ഗ്രൗണ്ടിൽ വച്ചാണ് കൊലപ്പെടുത്തിയത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ ആഷിഖ് കത്തിയെടുത്ത് തന്നെ കുത്താൻ ശ്രമിച്ചു. എന്നാൽ കത്തി പിടിച്ചുവാങ്ങി താൻ ആഷിഖിന്റെ കഴുത്തിൽ കുത്തി. തുടർന്ന് മൃതദേഹം പെട്ടിഓട്ടോയിൽ കയറ്റി പാലപ്പുറം ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് കുഴിച്ചിടുകയായിരുന്നു എന്നാണ് ഇയാൾ വെളിപ്പെടുത്തിയത്.


ഫിറോസും ആഷിഖും ഈ മേഖലയിലെ ലഹരി കടത്തു സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് പറയുന്നു. അതിനാൽ ആ വഴിക്കും അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞു. കഴിഞ്ഞ ഡിസംബർ 17 മുതൽ ആഷിഖിനെ കാണാനില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ലഹരി കടത്തിലും വിവിധ മോഷണക്കേസുകളിലും ഉൾപ്പെട്ടതിനാൽ ഒളിവിൽ പോയതാവാമെന്നാണ് കരുതിയത്. അതിനാൽ ആരും പരാതി നൽകിയിരുന്നില്ല.