
നെന്മാറ: നെല്ലിയാമ്പതി വനം റെയിഞ്ച് പരിധിയിൽപ്പെട്ട കൂനംപാലം മേലെ പാടിയിലെ കിണറ്റിൽ ചത്തനിലയിൽ കണ്ട കടുവയുടെ ജഡം പോസ്റ്റുമോർട്ടം നടത്തി സംസ്കരിച്ചു. വിദഗ്ധ പരിശോധനയ്ക്കായി കടുവയുടെ ആന്തരികാവയവങ്ങൾ കാക്കനാടുള്ള റീജിയണൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിലേക്ക് അയച്ചു. മൂന്നു ദിവസം പഴക്കമുള്ള കടുവയുടെ ജഡത്തിൽ വായ്ക്കകത്ത് മുള്ളൻപന്നിയുടെ മുള്ളുകൾ തറച്ചതായി കാണപ്പെട്ടു. ഇരയെ പിന്തുടർപ്പോൾ സമീപത്തുള്ള മൺ തിട്ടയിൽ നിന്നും ചാടുമ്പോൾ കിണറ്റിൽ നെഞ്ചു തട്ടി വെള്ളത്തിൽ വീണതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്നു വയസ് പ്രായമുള്ള പെൺ കടുവയാണ് ചത്തത്.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ( എൻ.ടി.സി.എ) മാർഗ്ഗനിർദ്ദേശ പ്രകാരം പാലക്കാട് എൻ.ടി.സി.എ കമ്മിറ്റി നോമിനിയായ കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സെക്രട്ടറി അഡ്വ. എൽ. നമശിവായം, ചീഫ് വൈൽഡ് ലൈഫ് വാർഡൻ നോമിനിയായി ഗവ. വിക്ടോറിയ കോളേജ് ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. ശ്രീരഞ്ജിത്ത് കുമാർ, തൃശൂർ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ, ഡോ.ഡേവിഡ് എബ്രഹാം, നെല്ലിയാമ്പതി മൃഗഡോക്ടർ. ഡോ. അരുൺ ടി.ആർ, നെന്മാറ ഡി. എഫ്. ഒ. അനീഷ് സി.പി, എന്നിവർ അടങ്ങുന്ന വിദഗ്ധ സമിതിയുടെ നേതൃത്വത്തിലും പാലക്കാട് ഫ്ളയിംഗ് സ്ക്വാഡ് ഡി.എഫ്. ഒ. ആർ. ശിവപ്രസാദ്, നെല്ലിയാമ്പതി ഫ്ളയിങ് സ്ക്വാഡ് റെയിഞ്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. സുരേഷ്, നെല്ലിയാമ്പതി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ആർ. കൃഷ്ണദാസ്, സ്റ്റേഷൻ സ്റ്റാഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചത്. വനം വകുപ്പിന്റെ സൂര്യ പാറ എസ്റ്റേറ്റ് വളപ്പിലാണ് പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം കടുവയുടെ ജഡം സംസ്കരിച്ചത്.