
കൊല്ലങ്കോട്: പ്രഭാത സവാരിക്കിറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. കുരുവിക്കൂട്ടുമരം ഒണ്ടിവീരാൻ പൊറ്റയിൽ പരേതനായ സുബ്രഹ്മണ്യന്റെ മകൻ സുരേഷാണ് (31) മരിച്ചത്. കഴിഞ്ഞ ദിവസം ചിക്കണാമ്പാറ വില്ലേജ് കൗണ്ടി റസ്റ്റോറന്റിനു സമീപത്തായിരുന്നു അപകടം. കുരുവിക്കൂടു മരത്തു നിന്നു കൊല്ലങ്കോട് ഭാഗത്തേക്ക് നടന്നു വരുകയായിരുന്ന സുരേഷിനെ പൊള്ളാച്ചി ഭാഗത്തു നിന്നും തൃശൂരിലേക്ക് കടക്കുകയായിരുന്ന കാർ അമിത വേഗത്തിലെത്തി ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അപകടസ്ഥലത്തു വച്ചുതന്നെ സുരേഷ് മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഒറ്റപ്പാലം ഫാർമസിയിലെ ജീവനക്കാരനാണ്. അമ്മ: പാർവതി. ഭാര്യ: സുമ. എട്ടു മാസം പ്രായമുള്ള ഒരു മകളുണ്ട്. സഹോദരങ്ങൾ: സതീഷ്, സത്യഭാമ, സജിനി, ശാന്തകുമാരി. കാർ ഓടിച്ച പൊള്ളാച്ചി സ്വദേശി കാളിയപ്പന്റെ മകൻ സുന്ദരനെതിരെ (47) പൊലീസ് കേസെടുത്തു. സുന്ദരം വസ്ത്രം തവണ വ്യവസ്ഥയിൽ വ്യാപാരം നടത്തുന്ന വ്യക്തിയാണ്. നിലവിൽ തൃശൂരിലാണ് വ്യാപാരം. പൊള്ളാച്ചിയിൽനിന്നു വില്പനയ്ക്കായി വസ്ത്രങ്ങൾ വാങ്ങി ഭാര്യയും രണ്ടു മക്കളുമായി തൃശൂരിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.