
പാലക്കാട്: ജില്ലയിൽ രണ്ടാംവിള കൊയ്ത്ത് ആരംഭിച്ചതോടെ കൊയ്ത്തു യന്ത്രങ്ങളുടെ വാടക താങ്ങാനാവാതെ കർഷകർ. നിലവിൽ തരൂർ, കോട്ടായി, അത്തിപ്പൊറ്റ, കണ്ണമ്പ്ര, പത്തിരിപ്പാല എന്നിവിടങ്ങളിലാണ് കൊയ്ത്ത് ആരംഭിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നാണ് കൊയ്ത്തു യന്ത്രങ്ങൾ ജില്ലയിൽ എത്തിയിരിക്കുന്നത്. കൊയ്ത്ത് സജീവമാകാത്തതിനാൽ കൊയ്ത്ത് ആരംഭിച്ച പ്രദേശങ്ങളിലെ കർഷകരിൽനിന്ന് അമിത ചാർജ്ജ് ഈടാക്കുന്നതായാണ് കർഷകരുടെ പരാതി. ഒരു മണിക്കൂറിന് 2800 രൂപ വരെ വാടക വാങ്ങുന്നുണ്ടെന്നാണ് കർഷകർ പറയുന്നത്.
നിലവിൽ ചുരുക്കം യന്ത്രങ്ങൾ മാത്രമാണ് ജില്ലയിൽ എത്തിയിട്ടുള്ളത്. ഇതുമൂലം കൊയ്ത്ത് തുടങ്ങിയ പാടങ്ങളിലെ കർഷകർക്ക് ആവശ്യത്തിന് യന്ത്രം ലഭ്യമാകാനും ബുദ്ധിമുട്ടാണ്. അതിനാൽ കർഷകർ വാടക തർക്കിക്കാതെ കൊടുക്കുന്ന സ്ഥിതിയാണ്. കടംവാങ്ങിയും മറ്റും കൃഷിയിറക്കിയിരിക്കുന്ന കർഷകരാണ് ഇതോടെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ഒന്നാംവിള പോലെ രണ്ടാംവിളയ്ക്കും കൊയ്ത്തുയന്ത്രങ്ങളുടെ വാടകയിൽ ഏകീകരണം വേണമെന്നാണ് കർഷകരുടെയും കർഷക സംഘടനകളുടെയും ആവശ്യം. ഒന്നാംവിളയ്ക്ക് വാടക 2200 രൂപയായിരുന്നു.
രണ്ടാഴ്ചയ്ക്കകം ജില്ലയിൽ കൊയ്ത്ത് സജീവമാകും. ഇതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ കൊയ്ത്തു യന്ത്രങ്ങൾ എത്തി തുടങ്ങും. തുടർന്ന് വാടകയിൽ കുറവുണ്ടാകുമെന്ന് കർഷകരുടെ പ്രതീക്ഷ. അതേസമയം ചിറ്റൂർ- തത്തമംഗലം നഗരസഭ പരിധിയിൽ കൊയ്ത്തു യന്ത്രങ്ങളുടെ വാടക ഏകീകരിച്ചു. നഗരസഭ പ്രദേശത്ത് കൊയ്ത്തു യന്ത്രത്തിന്റെ നിരക്ക് മണിക്കൂറിന് 2300 എന്ന രീതിയിലാണ് ഏകീകരിച്ചത്. ഇടനിലക്കാരുടെ ഇടപെടൽമൂലം മുൻ വർഷങ്ങളിൽ 2500 മുതൽ 2700 രൂപ വരെ ഈടാക്കിയിരുന്നത് പ്രദേശത്തെ കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു.
വാടക തോന്നിയപോലെ
20 ശതമാനം മാത്രമാണ് കൊയ്ത്ത് ആരംഭിച്ചിരിക്കുന്നത്. കൊയ്ത്ത് സജീവമായെങ്കിൽ മാത്രമേ വാടക എല്ലായിടത്തും ഒരുപോലെ ആകുകയുള്ളൂ. നിലവിൽ പല ഭാഗത്തും പല വാടകയാണ് ഈടാക്കുന്നത്. 2500 മുതൽ 2800 വരെ ഈടാക്കുന്നുണ്ട്.
സജീഷ് കുത്തനൂർ, കർഷകൻ.