mvd

പാലക്കാട്: വാഹനങ്ങളിൽ രൂപമാറ്റം ചെയ്തിട്ടുള്ളവർക്ക് പണി വീട്ടിൽ വരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ 'ഓപ്പറേഷൻ സൈലൻസ്' പദ്ധതിയിൽ ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങൾ മോടി കൂട്ടിയവർക്കൊക്കെ പിടി വീഴും. കാതടപ്പിക്കുന്ന ശബ്ദത്തിൽ കമ്പം കണ്ടെത്തുന്ന ഇരുചക്ര വാഹന യാത്രക്കാരെയും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റുകൾ ഉപയോഗിക്കുന്നവരേയും പൂട്ടും. പരിഷ്‌കരിച്ച ഹാൻഡിൽ ബാർ അടക്കം ഘടനാപരമായ എല്ലാ മാറ്റങ്ങളും കണ്ടെത്തി പിഴ ഈടാക്കും. കൂടാതെ മോടി കൂട്ടിയ വാഹനങ്ങൾ സ്വന്തം ചെലവിൽ നീക്കുകയുംവേണം. വഴിയോരങ്ങളിലെ പരിശോധന മാത്രമല്ല. ഇത്തരം വാഹനങ്ങളെക്കുറിച്ച് അറിയാവുന്നവർ വിവരങ്ങൾ വാട്സാപ്പ് നമ്പരിൽ അറിയിച്ചാൽ പണി വീട്ടിലെത്തും.

സൈലൻസർ രൂപംമാറ്റത്തിന് 5000 രൂപയാണ് പിഴ, എയർ ഹോൺ ഘടിപ്പിച്ചാൽ 2000 രൂപയും ടയർ ഉൾപ്പെടെയുള്ള വാഹനത്തിന്റെ ഘടനാപരമായ മാറ്റങ്ങൾ വരുത്തുന്നതിന് 5000 രൂപയുമാണ് പിഴ ഈടാക്കുക. നിയമലംഘനം ആവർത്തിച്ചാൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. പാലക്കാട് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ കെ. ജയേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഏഴ് സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്.

രണ്ടുദിവസത്തിനുള്ളിൽ മൂന്ന് ലക്ഷം പിഴ ഈടാക്കി

ഓപറേഷൻ സൈലൻസിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസങ്ങളലായി ജില്ലയിൽ നടന്ന പരിശോധനയിൽ 60 കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ഈടാക്കി. 39 ഇരുചക്ര വാഹനങ്ങളിൽനിന്ന് 2.43 ലക്ഷവും 21 മറ്റ് വാഹനങ്ങളിൽ നിന്നുമായി 57,000 രൂപയുമാണ് പിഴ ഈടാക്കിയത്. 14 മുതൽ തുടങ്ങിയ പ്രത്യേക പരിശോധന നാളെ തീരും.