
ഏഴ് ദേശങ്ങളും ഒരുങ്ങി, 21ആനകൾ അണിനിരക്കും
ഒറ്റപ്പാലം: കൊവിഡ് നിയന്ത്രണങ്ങളിലും പൂരത്തിന്റെ കാഴ്ചകൾക്കും ആരവത്തിനും ആവേശത്തിനും പൊലിമ ഒട്ടും മങ്ങാതെ ചിനക്കത്തൂരിന്റെ തട്ടകം. ഇന്ന് ഏഴു ദേശങ്ങൾ ചേർന്ന് ചിനക്കത്തൂർ പൂരം ആഘോഷിക്കും. ഒറ്റപ്പാലം, പാലപ്പുറം, തെക്ക് മംഗലം, വടക്ക് മംഗലം, മീറ്റ്ന, ഏർക്കാട്ടിരി ,പല്ലാർ മംഗലം എന്നിങ്ങനെ ഏഴ് തട്ടകദേശങ്ങളുടെ കരുത്തിലാണ് പൂരം. കൂടുതൽ ആനകളെ എഴുന്നെള്ളിക്കാൻ പ്രത്യേക അനുമതി ലഭിച്ചത് പൂരത്തിന്റെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. നേരത്തെ ഓരോ ദേശത്തിനും ഒരാനയെ വീതം പൂരത്തിൽ പങ്കെടുപ്പിക്കാം എന്നായിരുന്നു അധികൃതരുടെ ഉത്തരവ്. എന്നാൽ ഇന്നലെ 3 ആനകളെ വീതമാക്കി ഉയർത്തി. ഇതോടെ ഏഴ് ദേശങ്ങൾക്കായി 21 ഗജവീരൻമാർ ചിനക്കത്തൂർ പൂരപറമ്പിൽ ആവേശമൊരുക്കും. കഴിഞ്ഞ പൂരങ്ങളിൽ 38 ആനകൾ വരെ അണിനിരക്കാറുണ്ടായിരുന്നു. പൂരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഏഴ് ദേശം കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ചിനക്കത്തൂർക്കാവിൽ പൂരത്തോടനുബന്ധിച്ചുള്ള കുമ്മാട്ടി ആഘോഷം ഇന്നലെ നടന്നു.
ഇന്ന് പ്രാദേശിക അവധി
ചിനക്കത്തൂർ പൂരം പ്രമാണിച്ച് ഒറ്റപ്പാലം താലൂക്കിലെ നഗരസഭ, ലെക്കിടി - പേരൂർ പഞ്ചായത്ത് എന്നിവയുടെ പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.