
പാലക്കാട്: കെ.എസ്.ആർ.ടി.സി ഡിപ്പോ കെട്ടിട നിർമ്മാണം 90 ശതമാനം പൂർത്തിയായെങ്കിലും ഉദ്ഘാടനത്തിന് ഇനിയും കാത്തിരിക്കണം. കെട്ടിടം നിർമ്മാണം ഉടനെ പൂർത്തിയാകുമെങ്കിലും യാർഡ് നിർമ്മാണം തുടങ്ങാത്തതാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണമെന്ന് അധികൃതർ പറഞ്ഞു. കെട്ടിടത്തിന്റെ നിർമ്മാണം പത്ത് ശതമാനം മാത്രമേ പൂർത്തിയാകാനുള്ളൂ. അതേസമയം യാർഡ് നിർമ്മാണം തുടങ്ങിയിട്ടില്ല. ഇതുകൂടി നിർമ്മിച്ചാൽ മാത്രമേ ഡിപ്പോ യാത്ര സൗകര്യത്തിന് പൂർണമായി സജ്ജമാകുകയുള്ളൂ. യാർഡ് നിർമ്മിണ പ്രവർത്തിയോടൊപ്പം ഡിപ്പോയിൽ ബസ് ബേയും പാസഞ്ചർ അമിനിറ്റീസ് സെന്ററും നിർമ്മിക്കും. മൂന്ന് മാസത്തിനകം ഇവ പൂർത്തികരിക്കാമെന്നാണ് നിർമ്മാതാക്കളായ ഊരാങ്കുൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി അറിയിച്ചതെന്ന് അധികൃതർ പറഞ്ഞു.
2014 മെയിലാണ് ശോചനീയാവസ്ഥയെ തുടർന്ന് പഴയ കെട്ടിടം പൊളിച്ച് പുതിയ ബസ് സ്റ്റാൻഡ് നിർമ്മാക്കാൻ തീരുമാനിച്ചത്. അതേവർഷം ഡിസംബറിൽ പഴയ കെട്ടിടം പൊളിച്ച് മാറ്റുകയും ചെയ്തു. തുടർന്ന് 2016 ജനുവരി രണ്ടിന് പുതിയ ബസ് സ്റ്റാൻഡ് ടെർമിനിലിന് തറക്കല്ലിട്ടെങ്കിലും നിർമ്മാണത്തിനുള്ള രൂപരേഖക്കുള്ള അനുമതിയും ഫണ്ട് ലഭിക്കുന്നതിനുള്ള കാലതാമസവും തടസമാകുകയായിരുന്നു. നിർമ്മാണ പ്രവർത്തനത്തിനായി ഷാഫി പറമ്പിൽ എം.എൽ.എ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 7.1 കോടി രൂപ രണ്ട് ഘട്ടങ്ങളിലായി അനുവദിച്ചിരുന്നു.
തുടർന്ന് 2020 ജനുവരിയിൽ കെട്ടിടം നിർമ്മാണം ആരംഭിച്ചെങ്കിലും കൊവിഡിനെ തുടർന്നുള്ള സമ്പൂർണ ലോക്ക്ഡൗൺ മൂലം പ്രവർത്തനം നിർത്തിവെക്കുകയും പിന്നീട് സെപ്തംബറിൽ പുനരാംഭിച്ചെങ്കിലും വ്യാപനം കൂടിയതോടെ വീണ്ടും നിർമ്മാണ പ്രവർത്തനം മന്ദഗതിയിലായി.
രണ്ടുമാസത്തിനുള്ളിൽ ഡിപ്പോ തുറന്നു നൽകും
നിലവിൽ കൊവിഡ് വ്യാപനം കുറഞ്ഞ സഹാചര്യത്തിൽ നിർമ്മാണ പ്രവർത്തന വേഗത്തിലാകുമെന്നും രണ്ടുമാസത്തിനുള്ളിൽ വർഷങ്ങളായി യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമായി ഡിപ്പോ തുറന്ന് കൊടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും എ.ടി.ഒ പറഞ്ഞു.