temble

ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിൽ സ്വർണ കൊടിമര പ്രതിഷ്ഠ നടന്നു. ഇന്നലെ രാവിലെ ഏഴിന് തന്ത്രി അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. മേൽശാന്തി തെക്കും പറമ്പത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി സഹകാർമ്മികനായി. മലബാർ ദേവസ്വം ബോർഡിന് കീഴിൽ നടക്കുന്ന ആദ്യത്തെ സ്വർണ്ണ കൊടിമര പ്രതിഷ്ഠയാണ് അയപ്പൻ കാവിലേത്. 90 വർഷങ്ങൾക്ക് ശേഷമാണ് ക്ഷേത്രത്തിൽ വീണ്ടും അതേദിവസം കൊടിമര പ്രതിഷ്ഠ നടത്തിയതെന്ന പ്രത്യേകതയുമുണ്ട്.

മൂന്നു കിലോ സ്വർണം ഉപയോഗിച്ചുള്ള കൊടിമരത്തിന്റെ നിർമ്മാണത്തിന് ഭക്തജനങ്ങൾ സമർപ്പിച്ച ഒരു കിലോ സ്വർണവും ഭക്തജനങ്ങളുടെ സംഭാവന ഉപയോഗിച്ച് വാങ്ങിയ രണ്ട് കിലോ സ്വർണവുമാണ് ഉപയോഗിച്ചിരിക്കുന്നത്. കൊടിയേറ്റത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും സഹസ്ര കലശാഭിഷേകവും നടന്നു. തുടർന്ന് കുനിശ്ശേരി അനിയൻമാരാർ, ചെർപ്പുളശ്ശേരി ശിവൻ, കാട്ടുകുളം ബാലകൃഷ്ണൻ, മച്ചാട് മണികണ്ഠൻ, കാക്കയൂർ അപ്പുകുട്ടമാരാർ എന്നിവരുടെ പ്രമാണിത്വത്തിൽ പഞ്ചവാദ്യവും അരങ്ങേറി. ഇന്ന് രാത്രി ഉത്സവ കൊടിയേറ്റം നടക്കും.