boar

ചിറ്റൂർ: പെരുമാട്ടി പഞ്ചായത്തിൽ കാട്ടുപന്നിശല്യം ഇല്ലാതാക്കാൻ ഉപാധികളില്ലാതെ അവയെ കൊല്ലാൻ കർഷകർക്ക് അനുമതി നൽകണമെന്നും പന്നിശല്യം രൂക്ഷമായി നേരിടുന്ന ഹോട്സ് പോർട്ട് വില്ലേജുകളിൽ പെരുമാട്ടി പഞ്ചായത്തിലെ വില്ലേജുകളായ വണ്ടിത്താവളം, പെരുമാട്ടി, മൂലത്തറ വില്ലേജുകളെയും ഉൾപ്പെടുത്തണമെന്നും പെരുമാട്ടി പഞ്ചായത്തിൽ വിളിച്ചുചേർത്ത എ.ഡി.സി അംഗങ്ങളുടെയും പാടശേഖര സമിതി അംഗങ്ങളുടെ യോഗത്തിൽ ആവശ്യമുയർന്നു. പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ രാധാകൃഷ്ണൻ, കൃഷി ഓഫീസർ ശ്രീദു പി.പ്രേമൻ, കൃഷി അസിസ്റ്റന്റുമാരായ എ.സതിഷ്, എ.സുരിജ, കർഷകർ, പാടശേഖര സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പെരുമാട്ടി പഞ്ചായത്ത് ചിറ്റൂർ താലൂക്കിൽതന്നെ ഏറ്റവും കൂടുതൽ ഏരിയയിൽ നെൽകൃഷി, തെങ്ങ്, പച്ചക്കറി, വാഴ എന്നിവ കൃഷി ചെയ്യുന്ന പഞ്ചായത്താണ്. പന്നിശല്യം മൂലം നെൽകൃഷി ഞാറ്റടി മുതൽ കൊയ്ത്ത് വരെയുള്ള കാലയളവിൽ വളരെയധികം നഷ്ടമാണ് കർഷകർ അനുഭവിക്കുന്നത്. പരമ്പരാഗത കിഴങ്ങ് കൃഷി ചെയ്തുവരുന്ന കർഷകർ പന്നിശല്യം മൂലം കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലാണെന്ന് കർഷകർ ചൂണ്ടിക്കാട്ടി. വാഴകൃഷി ചെയ്യുന്ന കർഷകരുടെ ദുരിതങ്ങളും യോഗത്തിൽ ചർച്ചാ വിഷയമായി. ഇത്രയും രൂക്ഷമായ പ്രശ്നങ്ങൾ ഉണ്ടായിട്ടും പെരുമാട്ടി പഞ്ചായത്തിലെ വില്ലേജുകളെ ഹോട്സ് പോർട്ട് വില്ലേജുകളിൽ ഉൾപ്പെടുത്താത്തതിൽ കർഷകർ പ്രതിഷേധം അറിയിച്ചു. കർഷകരുടെ പ്രതിഷേധങ്ങളിൽ യോഗവും ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചതോടൊപ്പം ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കൃഷിവകുപ്പ് അധികൃതരെ ചുമതലപ്പെടുത്തുകയും ചെയ്തു.