
ചെർപ്പുളശ്ശേരി: ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി വെള്ളിനേഴി ഗ്രാമപഞ്ചായത്ത്. ആദ്യമായാണ് ജില്ലാതലത്തിൽ വെള്ളിനേഴി പഞ്ചായത്ത് ഒന്നാംസ്ഥാനം നേടി പുരസ്‌കാരത്തിന് അർഹത നേടുന്നത്. 2020- 2021 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വെള്ളിനേഴിയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. 2018- 2019 കാലഘട്ടത്തിൽ പാലക്കാട് ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായും 2019- 2020 വർഷത്തിൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പഞ്ചായത്തായും വെള്ളിനേഴിയെ തിരഞ്ഞെടുത്തിരുന്നു.
വൈവിധ്യങ്ങളും മാതൃകാപരവുമായ ഒട്ടനവധി വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞവർഷങ്ങളിൽ പഞ്ചായത്തിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. കാർഷിക മേഖലയിൽ ഒട്ടേറെ നൂതനമായ പദ്ധതികളാണ് നടപ്പിലാക്കിയത്. ഒരു വിള നെല്ല്, ഒരു വിള ചേന പദ്ധതി അതിൽ എടുത്തുപറയേണ്ട ഒന്നാണ്. വയോജന സൗഹൃദം, ഭിന്നശേഷി സൗഹൃദം, ബാലപഞ്ചായത്ത് എന്നീ നേട്ടങ്ങളും വെള്ളിനേഴി പഞ്ചായത്തിന് നേടിയെടുക്കാനായി. കൂടാതെ സ്‌നേഹസ്പർശം പാലിയേറ്റീവ് പദ്ധതിയും മാതൃകാപരമായി നടത്തിവരുന്നുണ്ട്.
സമ്പൂർണ്ണ മാലിന്യ മുക്തം, ശുചിത്വ പദവി, ഹരിത കേരളം എന്നിവയും വെള്ളിനേഴിക്ക് നേടിയെടുക്കാനായി. നൂറു ശതമാനം വിഭവ സമാഹരണവും നൂറു ശതമാനം പദ്ധതി നിർവ്വഹണവും തുടർച്ചയായി കൈവരിക്കാനാകുന്നുണ്ട്. ആരോഗ്യമേഖലയിലും ഗ്രാമപഞ്ചായത്തിന് പുരോഗതിയിൽ എത്താൻ സാധിച്ചിട്ടുണ്ട്. രണ്ട് ആരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താനും സാധിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് വെള്ളിനേഴി പഞ്ചായത്തിന് അവാർഡിന് അർഹമാക്കിയത്. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിൽ നിന്നാണ് വെള്ളിനേഴിയെ മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുത്തത്.