
ഒറ്റപ്പാലം: നിയന്ത്രണങ്ങളെ മറികടന്നെത്തിയ പൂരപ്രേമികളുടെ ആവേശത്തിൽ ചിനക്കത്തൂരിൽ പൂരം പൂത്തിറങ്ങി.
പാലപ്പുറം, മീറ്റ്ന, എറക്കോട്ടിരി, പല്ലാർമംഗലം, തെക്കുമംഗലം, വടക്കുമംഗലം ,ഒറ്റപ്പാലം എന്നീ തട്ടദേശങ്ങൾ ചേർന്നാണ്
ചിനക്കത്തൂർ പൂരം വർണ്ണാഭമാക്കിയത്. പൂര ദിനത്തിൽ രാവിലെ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരുടെ നേതൃത്വത്തിൽ നടത്തിയ ആറാട്ട് മേളത്തോടെ പൂരത്തിന് തുടക്കം. തുടർന്ന് ആവേശകരമായ കുതിര കളി. തേര്, തട്ടിൻമേൽക്കൂത്ത്, വഴിപാട് കുതിരകൾ തുടങ്ങി അനുമതി ലഭിച്ച പൂരാഘോഷങ്ങൾ എന്നിവ കാവിലേക്ക് പ്രവേശിച്ച് ഭവതിയെ വണങ്ങി. ഇതിനുശേഷം ആനകൾ അണിനിരന്നു. തലയെടുപ്പോടെ നിന്ന 21 ഗജവീരൻന്മാർ പകൽപൂരത്തിന് പ്രൗഡി ചാർത്തി. പിന്നീട് കുടമാറ്റം.
ഒറ്റപ്പാലം, പാലപ്പുറം, മീറ്റ്ന, എറക്കോട്ടിരി, പല്ലാർമംഗലം എന്നീ ദേശങ്ങൾ ഉൾപ്പെട്ട പടിഞ്ഞാറൻ ചേരിയും, തെക്കുമംഗലം, വടക്കുമംഗലം ദേശങ്ങൾ ഉൾപ്പെട്ട കിഴക്കൻചേരിയും മാറ്റുരച്ച കുടമാറ്റം. പടിഞ്ഞാറൻ ചേരിയിലും കിഴക്കൻചേരിയിലും ഉൾപ്പെട്ട ഏഴു ദേശങ്ങളിൽ നിന്നായി ലക്ഷണമൊത്ത ഇരുപത്തിയൊന്ന് ഗജവീരൻമാർ അണിനിരന്ന പൂരകാഴ്ച .വീണ്ടും ഇന്ന്
പുലർച്ചെ അഞ്ചിന് ആന പൂരം അണിനിരക്കും. തുടർന്ന് തേര്, തട്ടിൻമേൽക്കൂത്ത്, കുതിരകളി എന്നിവ ആവർത്തിക്കും. വഴിപാട്കുതിരകൾ, കാളകൾ ക്ഷേത്ര മൈതാനത്ത് പ്രവേശിക്കും. പതിനൊന്നോടെ
ആറാടി കുടിവെപ്പോടുകൂടി ഈ വർഷത്തെ പൂരത്തിന് സമാപനമാകും