crime

പാലക്കാട്: ദേശീയപാത പുതുശ്ശേരിയിൽ കുഴൽപണ സംഘത്തെ ആക്രമിച്ച് പണവും കാറും തട്ടിയെടുത്ത കേസിൽ സ്പിരിറ്റ് കേസ് പ്രതിയുമായ അത്തിമണി അനിൽ ഉൾപ്പെടെ മൂന്നുപേർ കൂടി അറസ്റ്റിൽ. ചിറ്റൂർ പെരുമാട്ടി വിളയോടി സ്വദേശിയായ അത്തിമണി അനിലിനെ (39)കൂടാതെ മലപ്പുറം വല്ലുവപാറയിൽ തച്ചങ്കാട്ടിൽ ഐ.റഹീഷ് (32), മഞ്ചേരി മംഗലശ്ശേരി ഒറ്റമാളിയേക്കൽ മുഹമ്മദലി ഷിഹാബ് (37) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

2021 ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം. ദേശീയപാത പുതുശ്ശേരി മേൽപാലത്തിൽ ടിപ്പറും കാറുകളും ഉപയോഗിച്ചു കോയമ്പത്തൂരിൽ നിന്നു പണവുമായെത്തിയ കാർ തടഞ്ഞു നിർത്തി ഡ്രൈവറെയും സുഹൃത്തിനെയും ആക്രമിച്ച് കാറും പണവും തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഒറ്റപ്പാലത്ത് കാർ ഉപേക്ഷിച്ചു. കേസിൽ ഇതുവരെ പത്തു പേർ അറസ്റ്റിലായി. നഷ്ടപ്പെട്ട പണത്തിന്റെ ഉടമസ്ഥരാണെന്നും കൃത്യത്തിൽ ലഭിച്ച പണം തിരിച്ച് തരികയാണെങ്കിൽ കേസിൽ നിന്നും ഒഴിവാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും മുമ്പ് അറസ്റ്റിലായ അഭിജിത്ത്, അപ്പുകുട്ടൻ എന്നിവരിൽ നിന്നും കൃത്യത്തിൽ ലഭിച്ച പണം കൈക്കലാക്കുകയായിരുന്നു. കവർച്ച ചെയ്തതു കുഴൽപണമാണെന്നു നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി പി.സി.ഹരിദാസ്, ഇൻസ്‌പെക്ടർമാരായ എൻ.എസ്.രാജീവ്, എ.ദീപകുമാർ, ഇ.ആർ.ബൈജു, കെ.ഹരീഷ്, എസ്.ഐമാരായ ആർ.അനീഷ്, എസ്.രംഗനാഥൻ, എ.എസ്.ഐ ടി.എ.ഷാഹുൽ ഹമീദ്, സീനിയർ സി.പി.ഒമാരായ വിമൽ കുമാർ, സി.പി.ഒ മണികണ്ഠദാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.