fire

പാലക്കാട്: ചൂട് കൂടിയതോടെ ജില്ലയിൽ തീപിടിത്തങ്ങളും കൂടുന്നു. കഴിഞ്ഞ ദിവസം മൂന്നിടത്ത് തീപിടിത്തം ഉണ്ടായി. അഗ്നിശമനസേനയുടെ ഇടപെടലിനെ തുടർന്ന് തീ അണച്ചതിനാൽ വൻദുരന്തം ഒഴിവായി. രാവിലെ വൈസ് പാർക്കിലേക്ക് പോകുന്ന വഴിയിൽ ഭാരത് ഹാർഡ് വെയേഴ്സിന് സമീപം പുഴയോട് ചേർന്ന് മൂന്ന് ഏക്കറോളം സ്ഥലത്ത് ഉണങ്ങിയ പുല്ലിനും പനയ്ക്കും തീപിടിച്ചതാണ് ആദ്യത്തേത്. സമീപത്ത് തന്നെ വ്യവസായ സ്ഥാപനങ്ങളും അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളും ഉണ്ടായിരുന്നെങ്കിലും തീ ആളിപടരാതെ അണയ്ക്കുകയായിരുന്നു. കഞ്ചിക്കോട് അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ പി.ഒ.വർഗീസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അബുസലീം, സജിത്ത്, സമീർ, സതീഷ് എന്നിവർ ചേർന്ന് രണ്ട് മണിക്കൂർ നേരത്തെ പരിശ്രമത്തിന്റെ ഫലമായാണ് തീ അണച്ചത്.
രണ്ടാമത്തേത് ഉച്ചയ്ക്ക് 2.45ന് പുതുശ്ശേരി പഞ്ചായത്തിൽ കിഴക്കേ അട്ടപ്പള്ളത്ത് ഒരേക്കറോളം വരുന്ന തരിശുഭൂമിയിലെ പുല്ലിന് തീപിടിച്ചതായിരുന്നു. പി.ഒ.വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെയാണ് ഒരു മണിക്കൂർ നീണ്ട ശ്രമത്തിൽ തീ അണച്ചത്.

തുടർന്ന് 3.15ന് കഞ്ചിക്കോട് ബെമലിന് സമീപം ഒരു ഏക്കറോളം ഭൂമിയിൽ ഉണങ്ങിയ പുല്ലിന് തീപിടിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.ആർ.രാകേഷിനെ നേതൃത്വത്തിലുള്ള സംഘമെത്തി തീ അണച്ചു. വാഹനം എത്തിച്ചേരാത്ത ഇടമായതിനാൽ ഫയർ ബീറ്ററുകൾ ഉപയോഗിച്ചതാണ് തീ അണച്ചത്. മൂന്നിടങ്ങളിലായി ഏകദേശം ആറ് ഏക്കറോളം സ്ഥലത്ത് തീപിടുത്തത്തിൽ രണ്ടര ഏക്കറോളം സ്ഥലം കത്തിനശിച്ചു.