
ശ്രീകൃഷ്ണപുരം: വള്ളുവനാടൻ പൂരക്കാഴ്ചയുടെ ചന്തവും ചാരുതയും നിറഞ്ഞ കാട്ടുകുളം പരിയാനമ്പറ്റ പൂരം ഇന്ന്. പരിയാനമ്പറ്റ ഭഗവതിയുടെ തട്ടകത്തിലെ പതിനാല് ദേശങ്ങളിലും ഉത്സവ ലഹരി നിറയ്ക്കുന്ന പൂരം കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ആഘോഷിക്കുന്നത്. 
പൂരോത്സവത്തിന് ആവേശം പകർന്ന് ഇന്നലെ വലിയ ആറാട്ട് ആഘോഷിച്ചു. രാവിലെ കാഴ്ച ശീവേലി, ഉച്ചയ്ക്ക് ഓട്ടൻ തുള്ളൽ, തേര്, കുതിര, കാളവേല വരവ്, എഴുന്നെള്ളിപ്പ്, ഇരട്ട തായമ്പക എന്നിവ നടന്നു.
പൂരം ദിനമായ ഇന്ന് വിശേഷാൽ പൂജകൾക്ക് പുറമേ രാവിലെ 9ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കാഴ്ച ശീവേലി, ഉച്ചയ്ക്ക് 2.30ന് പാഠകം, വൈകീട്ട് 5ന് വേലയിറക്കം, തേര്, കുതിര, കാളകളി, തിറപൂതൻ വരവ്, മൂന്ന് ദേശങ്ങളിൽ നിന്നായി പഞ്ചവാദ്യത്തിന്റെയും മേളത്തിന്റെയും ഗജവീരന്റെയും അകമ്പടിയോടെ പകൽ പൂരം എഴുന്നെള്ളിപ്പ്. 20ന് രാവിലെ ആറാട്ട് എഴുന്നെള്ളിപ്പ് തുടർന്ന് പഞ്ചാരി മേളത്തോടെ കൊടിയിറക്കം, അരിയേറ് എന്നിവ ഉണ്ടാകും.