
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിലെ കുടുംബശ്രീയുടെ രണ്ട് സി.ഡി.എസും സി.പി.എം പിടിച്ചെടുത്തു. ഒരു വ്യാഴവട്ടക്കാലം കോൺഗ്രസ്, ലീഗ്, ബി.ജെ.പി സ്വതന്ത്ര മുന്നണി കൂട്ടുകെട്ടാണ് കുടുംബശ്രീയുടെ ഭരണം കൈയ്യാളിയിരുന്നത്. നഗരസഭയിൽ വില്ലേജ് അടിസ്ഥാനത്തിൽ ഇനി രണ്ട് സി.ഡി.എസുകൾ ഉണ്ടാവും. വരോട്, ഒറ്റപ്പാലം മേഖലകളിലായി 19 വാർഡുകളും പാലപ്പുറം മേഖലയിൽ 17 വാർഡുകളും ചേർന്ന് രണ്ട് സി.ഡി.എസുകളാണ് ഉണ്ടാവുക. ഒറ്റപ്പാലം മേഖലയിൽ 19 വാർഡിൽ 14 വാർഡിലും സി.പി.എം ജയിച്ചു. പാലപ്പുറം മേഖലയിൽ 17 വാർഡുകളിൽ 12ാം വാർഡിലും വിജയിച്ചു. പാലപ്പുറം മേഖലയിലെ സി.ഡി.എസ് ചെയർപേഴ്സണായി ലത സുരേഷിനേയും വൈസ് ചെയർപേഴ്സണായി ടി.എം.സൗമ്യയെയും തിരഞ്ഞെടുത്തു. ഒറ്റപ്പാലം മേഖലയിൽ മുൻ കൗൺസിലറായ സുജിത പ്രകാശനാണ് ചെയർപേഴ്സണായി വിജയിച്ചത്. വസന്ത മല്ലിപറമ്പിൽ വൈസ് ചെയർമാനായി തിരഞ്ഞെടുത്തു.