
പാലക്കാട്: ജില്ലാ സിവിൽ സ്റ്റേഷന് മുന്നിൽ ബസ് കാത്തിരിപ്പു കേന്ദ്രം ഉണ്ടെങ്കിലും ജനങ്ങൾക്ക് ഉപകാരമില്ലാത്ത അവസ്ഥയാണ്. ദിനംപ്രതി നിരവധിപേരാണ് സിവിൽ സ്റ്റേഷനിൽ വന്നുപോകുന്നത്. ഇവരെല്ലാം സിവിൽ സ്റ്റേഷന്റെ കവാടത്തിനു മുന്നിൽ നിന്നാണ് ബസ് കയറുന്നതും ഇറങ്ങുന്നതും. കവാടത്തിന്റെ സമീപത്തു നിന്ന് അല്പം മാറിയാണ് ബസ് കാത്തിരിപ്പു കേന്ദ്രമെങ്കിലും യാത്രക്കാരെല്ലാം കവാടത്തിനു മുന്നിൽ തന്നെയാണ് നിൽക്കാറുള്ളത്. ബസുകൾ കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ നിർത്താത്തതാണ് ഇതിനു കാരണമെന്നാണ് യാത്രക്കാർ പറയുന്നത്. രാവിലെ ഒമ്പതു മുതൽ 11വരെയും വൈകീട്ട് നാലു മുതൽ ആറുവരെയും വലിയ തിരക്കാണ് സിവിൽ സ്റ്റേഷനു മുന്നിൽ അനുഭവപ്പെടുന്നത്. ഈ സമയങ്ങളിൽ കവാടത്തിനു മുന്നിൽ യാത്രക്കാർ നിൽക്കുന്നത് ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി വാഹനങ്ങളിൽ സിവിൽ സ്റ്റേഷനകത്തേക്കു പോകുന്നവർക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
നിലവിൽ ബസ് കാത്തിരിപ്പു കേന്ദ്രം നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർക്കുള്ള വിശ്രമകേന്ദ്രമാണ്. മദ്യപിച്ചും മറ്റും പലരും കാത്തിരിപ്പു കേന്ദ്രത്തിൽ ഉറങ്ങുന്നതിനാൽ സ്ത്രീകളാരും ഇവിടെ കയറിനിൽക്കാറില്ല. ഇനി ആരും കാത്തിരിപ്പു കേന്ദ്രത്തിൽ ഇല്ലെങ്കിൽ കയറി നിന്നാലോ, ബസ് വന്നാൽ നിർത്തിയിടത്തേക്ക് ഓടേണ്ട അവസ്ഥയാണ്. പ്രായമായവരെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്.
കവാടത്തിന് മുന്നിൽ പൊലീസ് നിൽക്കുന്ന സമയങ്ങളിൽ മാത്രമേ ബസുകൾ കാത്തിരിപ്പു കേന്ദ്രത്തിന് മുന്നിൽ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യാറുള്ളത്. ഇത്തരത്തിൽ യാത്രക്കാരുടെ പരാതിയെ തുടർന്ന് കുറച്ചുദിവസം പൊലീസ് ഉണ്ടാകുമെങ്കിലും വീണ്ടും പഴയപടി തന്നെയാകും. ബസുകൾ തോന്നിയ പോലെ നിർത്തുന്നത് അപകടഭീഷണിയാണ് സൃഷ്ടിക്കുന്നത്. കാത്തിരിപ്പു കേന്ദ്രത്തിന് മുന്നിൽ തന്നെ ബസുകൾ നിർത്തണമെങ്കിൽ പൊലീസിന്റെ സാന്നിധ്യം ഇവിടെ സ്ഥിരമായി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.