
പാലക്കാട്: മലമ്പുഴ കൂർമ്പാച്ചി മലയിൽ പ്രവേശിക്കുന്നവർക്കെതിരെ ഇനി കേസും പിഴയും. കൂർമ്പാച്ചി മല എക്കോ ടൂറിസ പ്രദേശം അല്ലാത്തതിനാൽ പ്രസ്തുത പ്രദേശത്ത് പ്രവേശിക്കുന്നത് അപകടകരമാണെന്നും ഇപ്രകാരം പ്രവേശിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഇത് സംബന്ധിച്ച് തദ്ദേശ വാസികൾക്ക് ആവശ്യമായ ബോധവത്കരണം നൽകാൻ വനം, പൊലീസ്, ഗ്രാമപഞ്ചായത്ത് അധികൃതർക്ക് ജില്ലാ കളക്ടർ മൃൺമയി ജോഷി നിർദ്ദേശം നൽകി.
അപകട മേഖലയായ കൂർമ്പാച്ചി മലയിൽ ആളുകൾ കയറുന്നത് നിയന്ത്രിക്കുന്നതിനും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനും വേണ്ട തീരുമാനങ്ങൾ എടുക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് നിർദ്ദേശം.
മലയിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന തദ്ദേശവാസികൾക്കെതിരെയും വിനോദസഞ്ചാരികൾക്കെതിരെയും ആദ്യഘട്ടത്തിൽ കേസ് രജിസ്റ്റർ ചെയ്യും. ഇവർക്കെതിരെ പിഴ ഈടാക്കാനും വനം, പൊലീസ് വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു .
ഈ പ്രദേശത്ത് പ്രവേശിക്കുന്നവർക്കെതിരെയുള്ള ശിക്ഷ നടപടികൾ സംബന്ധിച്ചുള്ള വിവരങ്ങൾ എല്ലാ ഓൺലൈൻ, ഓഫ്ലൈൻ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കാൻ ജില്ലാ ഇൻഫർമേഷൻ ഓഫീസ്, വനം, പൊലീസ്, പഞ്ചായത്ത് വകുപ്പ്, അധികൃതർ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
പ്രസ്തുത സ്ഥലത്ത് ആവശ്യമായ പട്രോളിംഗ് നടത്തുന്നതിനും പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ സേവനം ലഭിക്കുന്നതിനുവേണ്ട നടപടികൾ ജില്ലാ ഫയർ ഫോഴ്സ് സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
സ്ഥലത്തെ അപകടസാധ്യത യെക്കുറിച്ചും ശിക്ഷാ നടപടികളെക്കുറിച്ചും മുന്നറിയിപ്പ് ബോർഡുകൾ വിവിധസ്ഥലങ്ങളിൽ സ്ഥാപിക്കേണ്ടതും അതിന്റെ ചെലവ് പഞ്ചായത്ത് ഫണ്ടിൽനിന്ന് വിനിയോഗിക്കേണ്ടതുമാണ്.
കൂർമ്പാച്ചി മലയിൽ കുടുങ്ങി ആളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിച്ച പൊലീസ്, വനം, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ, തദ്ദേശവാസികൾ എന്നിവരെ കളക്ടർ അഭിനന്ദിച്ചു.
എ.ഡി.എം.കെ. മണികണ്ഠൻ, ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ്, പാലക്കാട് ഡി. എഫ്.ഒ കുറ ശ്രീനിവാസ്, ജില്ലാ ഫയർ ഓഫീസർ വി.കെ റിതീജ്, മലമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ, സിവിൽ ഡിഫൻസ് പ്രതിനിധി വിജയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.