
പാലക്കാട്: ജില്ലയിൽ രണ്ടാംവിള നെല്ലുസംഭരണത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ വർദ്ധന. ഇതുവരെ 78,910 നെൽകർഷകരാണ് രജിസ്റ്റർ ചെയ്തത്. രജിസ്‌ട്രേഷൻ നിലവിൽ തുടരുന്നുണ്ടെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു. ഒന്നാംവിളയ്ക്ക് 62,900 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 49,800 പേർ സപ്ലൈകോയിലേക്ക് നെല്ല് അളന്നു. നെല്ല് അളന്ന ഇത്രയും കർഷകരിൽ 48,360 കർഷകർക്കാണ് തുക ലഭ്യമാക്കിയത്. ഇനി 1440 കർഷകർക്ക് നെല്ലിന്റെ വില നൽകാനുണ്ട്.
നിലവിൽ ജില്ലയിൽ 20 ശതമാനം രണ്ടാംവിള കൊയ്ത്ത് ആരംഭിച്ചു. തരൂർ, കോട്ടായി, അത്തിപ്പൊറ്റ, കണ്ണമ്പ്ര, പത്തിരിപ്പാല എന്നിവിടങ്ങളിലാണ് കൊയ്ത്ത് ആരംഭിച്ചിരിക്കുന്നത്. ഇതോടെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾക്കൊപ്പം നെല്ല് സംഭരണവും പുരോഗമിക്കുകയാണ്. രണ്ടാംവിളയിൽ ഇതുവരെ 5300 ടൺ നെല്ല് സംഭരിച്ചു. ഇത്തവണ ജില്ലയിൽ റെക്കാർഡ് നെല്ല് സംഭരണമാണ് ലക്ഷ്യമിടുന്നതെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു.
കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു
രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലായിടത്തും കൊയ്ത്ത് സജീവമാകും. ഇതിന്റെ ഭാഗമായി നെല്ല് സംഭരണം വേഗത്തിലാക്കാൻ ജില്ലയിൽ അധിക ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. നിലവിലെ രണ്ട് പാഡി മാർക്കറ്റിംഗ് ഓഫീസർമാർക്ക് (പി.എം.ഒ) പുറമെ തൃശൂർ ജില്ലയിലെ ഓഫീസർക്കും ജില്ലയുടെ അധിക ചുമതല നൽകിയിട്ടുണ്ട്. കൂടാതെ 18 താത്കാലിക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ഇതോടെ സംഭരണം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കർഷകർ. നെല്ല് സംഭരണത്തിന് മൂന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർമാർ വേണമെന്നത് കർഷകരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.