railway

 വാളയാർ - കഞ്ചിക്കോട് സ്റ്റേഷനുകൾക്കിടയിൽ ബി ലൈനിൽ ഐ.ബി.എസ് സ്ഥാപിച്ചു

പാലക്കാട്: വാളയാർ - കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ബി ലൈനിൽ ട്രെയിനുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് ഇന്റർ മീഡിയേറ്റ് ബ്ലോക്ക് സിഗ്നലിംഗ് സിസ്റ്റം (ഐ.ബി.എസ് ) നിലവിൽ വന്നു. വാളയാറിനും കഞ്ചിക്കോടും റെയിൽവേ ഇരട്ട ലൈനിലൂടെ ട്രെയിനുകൾക്ക് വേഗത്തിൽ കടന്നുപോകുന്നതിന് മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്. ദക്ഷിണ റെയിൽവേയിൽ ഇതുവരെ ഒറ്റവരി പാതയിൽ മാത്രമാണ് ഇത്തരത്തിൽ സംവിധാനം ഒരുക്കിയിട്ടുള്ളത്. കഞ്ചിക്കോടിനും വാളയാറിനും ഇടയിലുള്ള 12.34 കിലോ മീറ്റർ ദൈർഘ്യമുള്ള പാത വിഭജിച്ചാണ് ഇന്റർ മീഡിയേറ്റ് ബ്ലോക്ക് സിഗ്നൽ നൽകുന്നത്.

പാസഞ്ചർ ട്രെയിനുകൾക്ക് ഈ ഭാഗം കടക്കാൻ 12 മുതൽ 14 മിനിറ്റും ഗുഡ്സ് ട്രെയിനുകൾക്ക് സെക്ഷൻ ക്രോസ് ചെയ്യാൻ 20 മിനിറ്റും ആവശ്യമായിരുന്നു. പാലക്കാട് ഡിവിഷനിൽ നൽകുന്ന എട്ടാമത്തെ ഐ.ബി.എസ് സൗകര്യമാണ് വാളയാർ - കഞ്ചിക്കോടിനും ഇടയിലുള്ള ഐ.ബി.എസ്. പാലക്കാട് - പറളി, പറളി - ലക്കിടി, തിക്കോട്ടി - വടകര, വടകര - മാഹി, പയ്യന്നൂർ - ചർവട്ടൂർ, കാഞ്ഞങ്ങാട് - കോട്ടിക്കുളം, കുമ്പള - മഞ്ചേശ്വരം സെക്ഷനുകളിൽ ഐ.ബി.എസ് സൗകര്യം ലഭ്യമാണ്. 2018 - 19 കാലയളവിൽ ഡിവിഷനിലെ വർക്ക്സ് പ്രോഗ്രാമിലെ ട്രാഫിക് ഫെസിലിറ്റീസിന് കീഴിൽ 4.12 കോടി ചെലവിൽ ഐ.ബി.എസ് സൗകര്യം ലഭ്യമാക്കിയതായി റെയിൽവേ അറിയിച്ചു.