school

പാലക്കാട്: രണ്ടുവർഷം നീണ്ട ഇടവേളയ്ക്കു ശേഷം സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങി. ഇന്നലെ ലോക മാതൃഭാഷാ ദിനമായതിനാൽ ഭാഷാ പ്രതിജ്ഞ ചൊല്ലിയാണ് സ്‌കൂളുകൾ സാധാരണനിലയിലേക്ക് തുടക്കമിട്ടത്. ഒന്നു മുതൽ 12 വരെയുള്ള വിദ്യാർത്ഥികളാണ് ഓൺലൈൻ പഠനത്തിന് വിടചൊല്ലി ക്ലാസ് മുറികളിലെത്തിയത്. നേരത്തെ സ്‌കൂളുകൾ തുറന്നിരുന്നെങ്കിലും ഭാഗികമായിരുന്നു പ്രവർത്തനം. ക്ലാസ് മുറികളിൽ പഴയ ആരവം നിറഞ്ഞതോടെ സ്‌കൂളുകൾ വീണ്ടും ശബ്ദമുഖരിതമായി. എട്ടാം ക്ലാസു വരെയുള്ള വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണവും മിക്ക സ്‌കൂളുകളിലും വിതരണം ചെയ്തു. രാവിലെ മുതൽ വൈകീട്ട് വരെയാണ് ക്ലാസ്. യൂണിഫോമും ഹാജറും നിർബന്ധമില്ല.
വാർഷിക പരീക്ഷ അടുക്കാറായതിനാൽ പാഠഭാഗങ്ങൾ പൂർത്തിയാക്കുന്നതിനുവേണ്ടി പൊതു അവധി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും പ്രവർത്തി ദിവസമായിരിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് അടുത്തമാസമാണ് പൊതുപരീക്ഷ. ചില ക്ലാസുകളിൽ ഹാജർ കുറവായിരുന്നെങ്കിലും രണ്ടുദിവസത്തിനകം മുഴുവൻ വിദ്യാർത്ഥികളും എത്തുമെന്നാണ് അദ്ധ്യാപകരുടെ പ്രതീക്ഷ. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പ്രവർത്തനം. മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ നിർബന്ധമാണ്. പ്രീപ്രൈമറി വിഭാഗക്കാർക്ക് തിങ്കൾ മുതൽ വെള്ളി വരെ പകുതി കുട്ടികളെ വീതം ഉൾപ്പെടുത്തി ബാച്ച് തിരിച്ച് ഉച്ചവരെയായിരിക്കും ക്ലാസ്. കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിൽ അടച്ച സ്‌കൂളുകൾ 22 മാസത്തിനുശേഷമാണ് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നത്.


ജില്ലയിൽ ഒന്നു മുതൽ പത്തു വരെ 3.70 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 155 സ്‌കൂളുകളിലായി 66,000 കുട്ടികളും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 25 വിദ്യാലയങ്ങളിലായി 3,700 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്. അതേസമയം സ്വകാര്യ വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനവും തുടരുന്നുണ്ട്.