fest

പാലക്കാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ മതപരമായ ഉത്സവങ്ങൾ സംഘടിപ്പിക്കുന്നതിനും ഉത്സവങ്ങളിൽ കാളകളുടേയും കുതിരകളുടേയും പ്രതീകങ്ങൾ എഴുന്നെള്ളിക്കുന്നതിനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു.

ഉത്സവങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ഉറപ്പുവരുത്തണം. നിർദേശങ്ങൾ ലംഘിക്കുന്ന പക്ഷം സംഘാടകർക്കെതിരെ ദുരന്ത നിവാരണ നിയമം 2005, കേരള പകർച്ചവ്യാധി നിയമം (ഓർഡിനൻസ്) 2020 പ്രകാരമുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

നിർദ്ദേശങ്ങൾ ഇപ്രകാരം:

 ജില്ലയിലെ വിവിധ ഉത്സവങ്ങളിൽ പങ്കെടുക്കുന്ന ദേശങ്ങൾക്ക് ഒരു ജോഡി കാള അല്ലെങ്കിൽ ഒരു കുതിര എന്നിവ എഴുന്നെള്ളിക്കാം.

 കാള -കുതിര എന്നിവയെ എഴുന്നെള്ളിക്കുന്ന ഘോഷയാത്രകളിൽ പരമാവധി 25 പേരെ പങ്കെടുപ്പിക്കാം.

 കാള / കുതിര എഴുന്നെള്ളിപ്പിൽ രണ്ട് ഡോസ് വാക്സിനേഷൻ എടുത്തിട്ടുള്ളവരോ അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ള 18 വയസിനും 60 വയസിനും ഇടയിലുള്ളവർക്കും പങ്കെടുക്കാം.

 കാള /കുതിര എഴുന്നെള്ളിപ്പ് സംഗമിക്കുന്ന ഉത്സവ പ്രദേശത്തിന്റെ വിസ്തീർണം അനുസരിച്ച് 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 1500 പേർക്ക് പങ്കെടുക്കാം.

 സാമൂഹിക അകലം, മാസ്‌ക് ധരിക്കൽ, സാനിറ്റൈസേഷൻ എന്നീ കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണം.