
ചിറ്റൂർ ബ്ലോക്കിൽ പ്രതിദിനം ശരാശരി 1,30,542 ലിറ്റർ പാൽ ഉൽപാദനം
ചിറ്റൂർ: പ്രതിദിനം ശരാശരി 1,30,542 ലിറ്റർ പാൽ ഉത്പാദിപ്പിച്ച് ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീരകർഷകർ. 2020 - 21 വർഷത്തിൽ പ്രതിദിനം ശരാശരി 1,30,542 ലിറ്റർ പാലാണ് ചിറ്റൂർ ക്ഷീരവികസന യൂണിറ്റിലെ കർഷകർ ഉത്പാദിപ്പിക്കുന്നത്. 2019 -20 വർഷത്തെക്കാൾ പ്രതിദിനം 7500 ലിറ്റർ പാലിന്റെ വർദ്ധനവ്.
സൂക്ഷ്മകൃഷിയിലൂടെ വിജയം കൊയ്യുന്ന പെരുമാട്ടി പഞ്ചായത്ത്, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പച്ചക്കറി ഉല്പാദിപ്പിക്കുന്ന വടകരപ്പതി പഞ്ചായത്ത്, കരിമ്പ്, നിലക്കടല മുതലായ കൃഷികളുള്ള എലപ്പുള്ളി, പൊൽപ്പുള്ളി പഞ്ചായത്തുകൾ, വൻകിട പശുഫാമുകളുള്ള കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത്, ചിറ്റൂർതത്തമംഗലം മുനിസിപ്പാലിറ്റി എന്നിവ ഉൾപ്പെടുന്നതാണ് ചിറ്റൂർ ക്ഷീരവികസനയൂണിറ്റ്.
59 ക്ഷീര സംഘങ്ങളിലായി 6150 കർഷകർ
ചിറ്റൂർ ക്ഷീരവികസനയൂണിറ്റിന് കീഴിൽ ആകെ 59 ക്ഷീരസംഘങ്ങളാണ് പ്രവർത്തിക്കുന്നത്. 6150 ക്ഷീരകർഷകർ പ്രതിദിനം സംഘങ്ങളിൽ പാൽ നൽകിവരുന്നു. ഒന്നും രണ്ടും പശുക്കളെ വളർത്തി ജീവിതം നയിക്കുന്ന സാധാരണ കർഷകരും 50 മുതൽ 100 പശുക്കൾ ഉൾപ്പെടുന്ന മുപ്പതോളം വൻകിട കർഷകരും ചിറ്റൂർ മേഖലയിലുണ്ട്.
പ്രതിമാസം ശരാശരി പരശോധിക്കുകയാണെങ്കിൽ 42,53,764 ലിറ്റർ പാൽ ക്ഷീരസംഘങ്ങൾ വഴി വിപണിയിൽ നൽകുമ്പോൾ ശരാശരി 1616.43 ലക്ഷം രൂപ ക്ഷീരകർഷകരിലെത്തുന്നു.
ക്ഷീരവികസന പദ്ധതികളുമായി വകുപ്പും ത്രിതല പഞ്ചായത്തും
ക്ഷീരവികസനവകുപ്പിന്റെയും ത്രിതലപഞ്ചായത്തുകളുടെയും നേതൃത്വത്തിൽ വിവിധങ്ങളായ ക്ഷീരവികസനപദ്ധതികളും ധനസഹായവും ക്ഷീരകർഷകർക്കും സൊസൈറ്റികൾക്കുമായി നടപ്പിലാക്കുന്നുണ്ട്. കേരള സർക്കാർ ക്ഷീരവികസനവകുപ്പ് മുഖേന 2019- 20 വർഷത്തിൽ 98.75 ലക്ഷം രൂപയും 2020-21ൽ 154.89 ലക്ഷം രൂപയും 2021-22 വർഷത്തിൽ ഇതുവരെ 111 ലക്ഷം രൂപയും ക്ഷീരകർഷകർക്ക് ധനസഹായമായി നൽകി. ത്രിതലപഞ്ചായത്ത് പദ്ധതിപ്രകാരം ക്ഷീരകർഷകർക്ക് മാത്രമായി 2019-20ൽ 150. 77 ലക്ഷവും 202021ൽ 225.12 ലക്ഷവും 2021 22ൽ 174. 91 ലക്ഷം രൂപയും ഉൾപ്പെടെ 3.5 കോടയോളം ചിറ്റൂർ ക്ഷീരമേഖലയിൽ വിനയോഗിച്ചു.
1800 ഹെക്ടറിലാണ് ക്ഷീരകർഷകർ തീറ്റപ്പുൽ കൃഷി ചെയ്യുന്നത്.