
ശ്രീകൃഷ്ണപുരം: പച്ചക്കറി ഉല്പാദന രംഗത്ത് സ്വാശ്രയ നേട്ടത്തിലൂടെ മാതൃകാ കൂട്ടായ്മ എന്ന അംഗീകാരം നേടി കുളക്കാട്ടുകുറുശ്ശിയിലെ ഹരിത പച്ചക്കറി ഉല്പാദക സംഘം. ശ്രീകൃഷ്ണപുരം കൃഷിഭവന് കീഴിൽ 15 കർഷകരുമായി അഞ്ച് ഹെക്ടർ സ്ഥലത്ത് 2013-ൽ ആരംഭിച്ച ഹരിത കർഷക കൂട്ടായ്മ ഇന്ന് അറുപതോളം കർഷകരുമായി 35 ഹെക്ടർ സ്ഥലത്താണ് ഉല്പാദനം നടത്തുന്നത്. ഇതോടൊപ്പം 'എ ഗ്രേഡ് ' പദവിയും കൂട്ടായ്മ സ്വന്തമാക്കി.
സീസണിലും അല്ലാതെയും മുഴുവൻ സമയം പച്ചക്കറി ഉല്പാദിപ്പിക്കാൻ സംഘത്തിന് സാധിക്കുന്നുണ്ട്. ഹരിതയ്ക്കു കീഴിൽ മികച്ച രീതിയിൽ ഇക്കോ ഷോപ്പും പ്രവർത്തിക്കുന്നുണ്ട്. ക്ലസ്റ്ററിലെ കർഷകർക്ക് വേണ്ട പണി ആയുധങ്ങൾ, ജൈവവളം, നടീൽ വസ്തുക്കൾ എന്നിവ സബ്സിഡിയോടെ എല്ലാ വർഷവും ലഭിക്കുകയും കൂടാതെ പഠനക്ലാസുകൾ, പീന യാത്രകൾ, സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
ഭാരതീയ പ്രകൃതി കൃഷിയുടെ പരീക്ഷണാർത്ഥം 40 സെന്റിൽ വെണ്ട കൃഷിയുടെ ട്രയൽ പ്ലോട്ടും ഹരിതയ്ക്ക് കീഴിലുണ്ട്. കൂടാതെ സംസ്‌കരണ യൂണിറ്റും പ്രവർത്തിക്കുന്നു. ഗൃഹമിത്ര, വിത്തും കൈക്കോട്ടും, മട്ടുപ്പാവ് പച്ചക്കറി എന്നിങ്ങനെ വിവിധ പച്ചക്കറി പദ്ധതികൾ ഹരിതയിലെ കർഷകർ വിജയകരമായി നടത്തുന്നുണ്ട്.