railway

പാലക്കാട്: കാട്ടാനകൾ റെയിൽവേ ട്രാക്ക് മുറിച്ച് കടന്നുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് കഞ്ചിക്കോട്- വാളയാർ സെക്ഷനിൽ തൂക്കിയിടുന്ന സൗരോർജ്ജ വേലികളുടെ നിർമ്മാണം പുരോഗമിക്കുന്നു. ബി ലൈൻ റെയിൽവേ ട്രാക്കിന്റെ ഇരുവശത്തായി 600 മീറ്ററിലും കഞ്ചിക്കോട്- വാളയാർ സ്റ്റേഷനുകൾക്കിടയിൽ 515 കിലോമീറ്റർ അകലെയുള്ള ഇന്റർമീഡിയേറ്റ് ബ്ലോക്ക് ഹട്ട് കെട്ടിടത്തിന് ചുറ്റും 600 മീറ്റർ നീളത്തിൽ തൂക്കു സോളാർ വേലിയാണ് സ്ഥാപിക്കുന്നത്. കഞ്ചിക്കോട്- വാളയാറിനും ഇടയിൽ രാത്രികാലത്ത് റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ നിരവധി കാട്ടാനകളാണ് ചരിഞ്ഞിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആനകളുടെ സഞ്ചാരം തടയുന്നതിന് ദക്ഷിണ റെയിൽവേ ഇത്തരമൊരു വേലി നിർമ്മിക്കുന്നതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

സൗരോർജ്ജ വേലി

മൂന്ന് മീറ്റർ ഉയരത്തിൽ തലങ്ങും വിലങ്ങുമായി ഇരുവശത്തുള്ള പോസ്റ്റുകളിൽ സ്റ്റീൽ കമ്പികൾ തൂക്കിയിട്ടാണ് സൗരോർജ്ജ വേലികൾ സ്ഥാപിക്കുന്നത്. തൂങ്ങികിടക്കുന്ന കമ്പികൾ നിലത്ത് തൊടില്ല. ഇത്തരം വേലികൾക്കിടയിലൂടെ കാട്ടാനകൾ കടക്കാൻ ശ്രമിക്കുമ്പോൾ നേരിയതോതിൽ ഷോക്കേൽക്കുകയും ട്രാക്ക് മുറിച്ച് കടക്കുന്നതിൽ നിന്ന് പിൻതിരിയുകയും ചെയ്യും. ഇത്തരത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. സാധാരണ വേലി നിർമ്മാണത്തേക്കാൾ ചെലവ് കുറഞ്ഞതാണിത്.