map

കൊല്ലങ്കോട്: ചിറ്റൂർ താലൂക്ക് വിഭജിച്ച് തെന്മല താലൂക്ക് രൂപവത്കരിക്കുന്നതിന് ചിറ്റൂർ തഹസിൽദാർ അനുകൂല റിപ്പോർട്ട് നൽകി. കൊല്ലങ്കോട് ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കുന്നതിന്റെ സാധ്യത സംബന്ധിച്ച് 2021 ഡിസംബർ 13ന് കളക്ടർ ചിറ്റൂർ തഹസിൽദാരോട് അഭിപ്രായം തേടിയിരുന്നു. ഇതിന് ഡിസംബർ 17ന് ചിറ്റൂർ തഹസിൽദാർ നൽകിയ മറുപടിയിലാണ് തെന്മല താലൂക്കിൽ ഉൾക്കൊള്ളിക്കുന്ന പഞ്ചായത്തുകളെയും വില്ലേജുകളെയും സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുന്നത്. സർക്കാർ തലത്തിലാണ് താലൂക്ക് സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകുക. കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ, മുതലമട, നെന്മാറ, പല്ലശ്ശന, അയിലൂർ, നെല്ലിയാമ്പതി എന്നീ എട്ടു പഞ്ചായത്തുകളെ ചിറ്റൂർ താലൂക്കിൽനിന്ന് തെന്മല താലൂക്കിലേക്ക് മാറ്റാമെന്നാണ് തഹസിൽദാർ ഡി.അമൃതവല്ലി ജില്ലാ കളക്ടർ മൃൺമയി ജോഷിക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.

തെന്മല താലൂക്ക് പരിതിയിൽ

ചിറ്റൂർ താലൂക്കിലെ 30 വില്ലേജുകളിൽ കൊല്ലങ്കോട്- ഒന്ന്, കൊല്ലങ്കോട്- രണ്ട്, എലവഞ്ചേരി, വടവന്നൂർ, മുതലമട- ഒന്ന്, മുതലമട- രണ്ട്, നെന്മാറ, വല്ലങ്ങി, പല്ലശ്ശന, കയറാടി, തിരുവഴിയാട്, അയിലൂർ, നെല്ലിയാമ്പതി എന്നീ 13 വില്ലേജുകൾ തെന്മല താലൂക്കിലാകും.

ഗോത്രജനതയ്ക്ക് ഗുണമാകും

പറമ്പിക്കുളം മേഖല ഉൾപ്പെടുന്ന മുതലമട- ഒന്ന്, നെല്ലിയാമ്പതി എന്നീ വില്ലേജുകളിലായി താമസിച്ചുവരുന്ന ഗോത്രജനതയ്ക്ക് തെന്മല താലൂക്ക് ഏറെ ഉപകരിക്കും. താലൂക്ക് ഓഫീസിലെ വിവിധ സേവനങ്ങൾക്കായി 125 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് പറമ്പിക്കുളം പൂപ്പാറയിലെ ജനങ്ങൾ ചിറ്റൂരിലെത്തുന്നത്. പുതിയ താലൂക്ക് അയിലൂർ സ്വദേശികൾക്കും ഗുണകരമാകും. ഇപ്പോൾ 40 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് അയിലൂരിൽനിന്ന് ചിറ്റൂരിലെത്തുന്നത്.

തെന്മല താലൂക്ക് യാഥാർത്ഥ്യമാകുന്നതോടെ ചിറ്റൂർ താലൂക്കിലെ ജനസംഖ്യ 4,37,738ൽനിന്ന് 2,41,931 ആയി കുറയും. നിലവിൽ 1136.23 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ചിറ്റൂർ താലൂക്കിൽനിന്ന് വലിയ പഞ്ചായത്തുകളായ മുതലമടയും നെല്ലിയാമ്പതിയും തെന്മല താലൂക്കിലേക്ക് പോകുന്നതോടെ 287.43 ചതുരശ്ര കിലോമീറ്ററായി ചിറ്റൂർ താലൂക്കിന്റെ വിസ്തൃതി കുറയും. 848.8 ചതുരശ്ര കിലോമീറ്ററായിരിക്കും തെന്മല താലൂക്കിന്റെ വിസ്തൃതി.