water

നെന്മാറ: പോത്തുണ്ടി അണക്കെട്ടിൽ നിന്നും കൃഷിക്കായി ജലവിതരണം ഫെബ്രുവരി 28വരെ നൽകാൻ തീരുമാനിച്ചു. പോത്തുണ്ടി ജലസേചന എക്സിക്യുട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ ചേർന്ന പാടശേഖര സമിതി ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി അഞ്ചിനാണ് നാലാംതവണ ജലസേചനത്തിനായി ഡാം വീണ്ടും തുറന്നത്. അഞ്ചാംതവണ കൂടി വെള്ളം തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തുടർച്ചയായി പത്തുദിവസം കൂടി തുറക്കാൻ തീരുമാനിക്കുകയായിരുന്നു. ഡിസംബർ 13 മുതലാണ് കൃഷിക്കായി പോത്തുണ്ടി ഡാമിൽ നിന്നും വെള്ളം തുറന്നുവിട്ടത്. ഫെബ്രുവരി അവസാനത്തോടെ എല്ലാ പാടശേഖരങ്ങളിലും കതിരുനിരക്കുമെന്നും മാർച്ച് അവസാനത്തോടെ പോത്തുണ്ടി ആയക്കെട്ട് പ്രദേശങ്ങളിലെ കൊയ്ത്ത് സജീവമാകുമെന്നും വിവിധ പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.