tirupur

പ്രതിസന്ധികളെ കഠിനാധ്വാനത്തിനും ഇച്ഛാശക്തിക്കുമൊപ്പം തുന്നിച്ചേർത്ത് വ്യവസായ പുരോഗതി കൈവരിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തിന്റെ ബനിയൻ സിറ്റിയായ തിരിപ്പൂർ. ഈ ദക്ഷിണേന്ത്യൻ നഗരത്തിന് എന്നും പുതുവസ്ത്രങ്ങളുടെ ഗന്ധമാണ്. പരുത്തിനൂലും വസ്ത്രനിർമ്മാണവും അനുബന്ധ ഘടകങ്ങളുമൊക്കെയാണ് ഉറക്കമില്ലാത്ത തിരുപ്പൂരിന്റെ ഭംഗിയുള്ള കാഴ്ചകൾ.

ഇരുപതിനായിരത്തോളം സ്ഥാപനങ്ങൾ.. ഭൂരിഭാഗം വസ്ത്ര നിർമ്മാണ കേന്ദ്രങ്ങളും രാപ്പകലില്ലാതെ എന്നും ഉണർന്നിരിക്കും. നിത്യവും ഷിഫ്റ്റ് അടിസ്ഥാനത്തിൽ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടാകും. ഏതു ഫാഷനിലും ഏതു നിലവാരത്തിലുമുള്ള വസ്ത്രങ്ങൾ പറഞ്ഞ സമയത്ത് എത്തിച്ചു കൊടുക്കാനുള്ള സന്നദ്ധതയാണ് ഈ നഗരത്തിന്റെ കരുത്ത്. വിദേശവിപണിയിലെ കമ്പനികൾ തിരുപ്പൂരിന് നൽകുന്ന പ്രത്യേക പരിഗണനയ്ക്കു പിന്നിലെ രഹസ്യവും ഇതുതന്നെയാണ്.

നിറം കൂടുന്ന പ്രതീക്ഷകൾ

കൊവിഡ് മഹാമാരിയിൽ നിന്ന് പതുക്കെ കരകയറുന്ന തമിഴ്നാട് സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെയാണ് മേഖലയിലെ വസ്ത്രനിർമ്മാണ കേന്ദ്രങ്ങൾ ഉണർന്നു തുടങ്ങിയത്. പ്രവർത്തനം ആരംഭിച്ച വസ്ത്രനിർമ്മാതാക്കൾക്ക് രാജ്യത്തിന് അകത്തും പുറത്തും നിന്നായി വലിയതോതിൽ ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നതാണ് പ്രതീക്ഷയ്ക്ക് വകനൽകുന്നത്.

ലോക് ഡൗണിന് ശേഷം വസ്ത്രനിർമ്മാണ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും പ്രധാന അസംസ്‌കൃത വസ്തുവായ പഞ്ഞിയുടെയും പരുത്തി നൂലിന്റെയും വില കുത്തനെ ഉയർന്നതും ഇന്ധന വിലവർദ്ധനയും കണ്ടെയ്നറുകളുടെ ലഭ്യതക്കുറവും ചരക്കുനീക്കത്തിനുള്ള ചെലവ് മൂന്നിരട്ടിയായി വർദ്ധിച്ചതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ആഗോളവസ്ത്ര വിപണിയിൽ വലിയ തോതിലുള്ള മത്സരം നിലനിൽക്കെ തന്നെ തിരുപ്പൂരിൽ നിന്നുള്ള കോട്ടൺ വസ്ത്രങ്ങൾക്ക് അമേരിക്കയിലും യൂറോപ്പിലും മിഡിൽ ഈസ്റ്റിലും മറ്റു രാജ്യങ്ങളിലും ആവശ്യക്കാർ ഏറിയതും ഓർഡറുകൾ വലിയതോതിൽ ലഭിച്ചു തുടങ്ങിയതും നിലവിലെ പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുമെന്നാണ് വി​ദഗ്ദ്ധർ​ ​പറയുന്നത്. ചൈനയടക്കമുള്ള ആഗോള വസ്ത്രവിപണിയിൽ ഇന്ത്യയ്‌ക്ക് വെല്ലുവിളി ഉയർത്തിയിരുന്ന രാജ്യങ്ങളിൽ നിന്നുള്ള വസ്ത്ര ഇറക്കുമതി കുറച്ച രാജ്യങ്ങൾ തിരുപ്പൂർ അടക്കമുള്ള ഇന്ത്യയിലെ വസ്ത്രനിർമ്മാതാക്കളിൽ നിന്ന് വലിയ തോതിൽ വസ്ത്രങ്ങൾ വാങ്ങാൻ തുടങ്ങിയത് പ്രതീക്ഷ നൽകുന്നതാണ്. വാൾമാർട്ട്, കാരിഫോർ, ടെസ്‌കോ, പ്രൈമാർക്ക്, മാക്സ്, കിക്ക്, സാറ, നൈക്ക്, ലെവിസ്, ക്രൊക്കോഡൈൽ തുടങ്ങിയ ഒട്ടേറെ ലോകപ്രശസ്ത ബ്രാൻഡുകളുടെ ഓർഡറുകൾ തിരുപ്പൂരിൽ നിന്ന് തയാറാക്കി ആഗോള വിപണിയിലെത്തിക്കാൻ കഴിയുന്നു എന്നത് ബനിയൻ സിറ്റിയുടെ നേട്ടമാണ്.

ബനിയൻ സിറ്റി

ചെറുതും വലുതുമായി ഇരുപതിനായിരത്തോളം സ്ഥാപനങ്ങൾ. ബട്ടൺ നിർമ്മാണം മുതൽ പാക്കിംഗ് ഉൾപ്പെടെയുള്ള മേഖലകൾ. ഏഴായിരത്തോളം യൂണിറ്റുകൾ. ഏഴുലക്ഷത്തോളം തൊഴിലാളികൾ, പല മേഖലയിലും സ്ത്രീതൊഴിലാളികളാണധികവും. ഇതിൽ രണ്ടു ലക്ഷത്തോളം പേർ മലയാളികളാണെന്നത് പ്രത്യേകതയാണ്. നൂൽ നൂൽപ്, ചായംമുക്കൽ, നെയ്ത്ത്, തുന്നൽ, ബട്ടൺ ഉൾപ്പെടെയുള്ളവയുടെ നിർമ്മാണം, തരംതിരിക്കൽ, പാക്കിംഗ്.. ഇങ്ങനെ പലപല യൂണിറ്റുകൾ. പരസ്പരം ആശ്രയിച്ചും സഹകരിച്ചും വളരുകയും വികസിക്കുകയും ചെയ്യുന്ന ബിസിനസ് പാഠങ്ങളുടെ നേർസാക്ഷ്യം. ചെറുതും വലുതുമായ ഫാക്ടറികൾ. ആറു വ്യവസായ പാർക്കുകൾ. ഒരു ഫാഷൻ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട്.

തിരിപ്പൂരിൽ എവിടെയും തിരക്കാണ്. റെയിൽവേ സ്റ്റേഷനുകളിലും ഫാക്ടറികളിലും ആരംഭിക്കുന്ന തിരക്ക് നിരത്തുകളിലും പ്രകടമാണ്. ഇരുചക്ര വാഹനങ്ങളിൽ ഉൾപ്പെടെ വസ്ത്ര വിപണനവും നിർമ്മാണ സാമഗ്രികളുമായി യാത്രചെയ്യുന്ന ആളുകൾ. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും വിവിധ സ്ഥാപനങ്ങളുടെ പേരെഴുതിയ കൂറ്റൻ ചാക്കുകൾ. ഏതു ബ്രാൻഡിലും ഏതു വിലയ്ക്കും ഏതു പ്രായത്തിലുള്ളവർക്കുമുള്ള വസ്ത്രങ്ങൾ ഇവിടെ ലഭിക്കും.

ചെറിയ കുറവുകളുടെ പേരിൽ കയറ്റുമതി സ്ഥാപനങ്ങൾ തിരസ്‌കരിച്ചവയും കൂട്ടത്തിലുണ്ട്. സാധാരണ ഉപഭോക്താവിന് അതു തിരിച്ചറിയാൻ കഴിയണമെന്നില്ല. തുണിയുടെ ഗുണമേന്മയ്‌ക്കോ കാഴ്ചയിലെ ഭംഗിക്കോ പ്രകടമായ വ്യത്യാസങ്ങളൊന്നും പുറമേനിന്നു വന്നവർക്കു തോന്നണമെന്നുമില്ല. എന്നാൽ ശരാശരി തിരുപ്പൂരുകാർക്ക് ഏതു വ്യത്യാസവും തിരിച്ചറിയാനാകും. അത്രമേൽ അഗാധമായ ബന്ധമാണ് ഈ നാടിനു വസ്ത്ര നിർമ്മാണവുമായിട്ടുള്ളത്.

നൊയ്യാലിന്റെ സംസ്‌കാരം

നൊയ്യാൽ നദി പടുത്തുയർത്തിയ സംസ്‌കാരമാണ് തിരുപ്പൂരിന്റേത്. കോയമ്പത്തൂരിലെ വെള്ളിങ്കിരി കുന്നുകളിൽ നിന്നാണ് ഈ നദി ഉദ്ഭവിക്കുന്നത്. കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ് ജില്ലകളിലൂടെ 350 കിലോമീറ്റർ ദൂരം ഒഴുകി കവേരി നദിയുമായി സംഗമിക്കുന്നു. ഇതിനിടയിൽ 6000 ഹെക്ടർ ഭൂമിയെ കാർഷിക യോഗ്യമാക്കുന്നു. ഇവിടെ കരിമ്പും ചോളവും പരുത്തിയും വിളയിച്ചവരായിരുന്നു തിരുപ്പൂരിലെ വസ്ത്രനിർമാതാക്കളുടെ പൂർവികർ.

കോയമ്പത്തൂർ ജില്ലയിൽ പരുത്തിക്കൃഷി സജീവമായിരുന്നപ്പോഴാണ് അതിന്റെ അനുബന്ധമായി ഇവിടത്തെ കർഷകർ നൂൽ നൂൽപിലേക്കും ബനിയൻ നിർമ്മാണത്തിലേക്കും കടന്നത്. നെറ്റ് പോലുള്ള വെളുത്ത ബനിയനുകളാണ് ആദ്യം നിർമിച്ചത്. പെട്ടെന്നുതന്നെ ഇവ ആഭ്യന്തരവിപണി കീഴടക്കി. കൃഷിയിൽ നിന്നുള്ള വരുമാനമായിരുന്നു ഇന്നു കാണുന്ന ബനിയൻ സിറ്റിയുടെ മുതൽ മുടക്ക്.

ചരിത്രം തിരുത്തിയ ഖാദർ സാഹിബ്

ആദ്യഘട്ടത്തിൽ വെള്ള ബനിയനുകൾക്കു തിരുപ്പൂരിനപ്പുറത്തേക്ക് വിപണി ഉണ്ടായിരുന്നില്ല. എന്നാൽ ചരിത്രം വഴിമാറുകയായിരുന്നു, ഖാദർ സാഹിബിന്റെ രംഗപ്രവേശത്തോടെ. ഇവിടെയുണ്ടാക്കിയ ബനിയനുകളുമായി അദ്ദേഹം തിരുപ്പൂരിനു പുറത്തേക്ക് പുറപ്പെട്ടു. മുംബയ് പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിപണി ലക്ഷ്യമാക്കി യാത്രകൾ തുർന്നു. ഇതിനിടെ ചില വിദേശ വ്യാപാരികളുമായി സൗഹൃദമുണ്ടാക്കി. അവരെ തിരുപ്പൂരിലേക്കും ക്ഷണിച്ചു. തിരുപ്പൂർ ബനിയൻ സിറ്റിയുടെ വളർച്ചയുടെ ചരിത്രം ഇവിടെ തുടങ്ങുന്നു. പിന്നീടൊരിക്കലും പിന്തിരിയേണ്ടി വന്നിട്ടില്ല തിരിപ്പൂരിന്. ലോക ബനിയൻ വിപണി ഈ നഗരത്തിനു ചുറ്റും ഇപ്പോഴും തിരിയുന്നു. പ്രതാപികളായ നഗരങ്ങൾക്കൊന്നും ആ ചരിത്രം മാറ്റിവരയ്ക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. ഈ വളർച്ചയ്ക്കിടയിലും തലതൊട്ടപ്പനായ ഖാദർ സാഹിബിനെ തിരുപ്പൂർ വിസ്മരിച്ചില്ല. അദ്ദേഹത്തിന്റെ സ്മരണ ഇവിടെ ഇപ്പോഴും ഉണർന്നിരിക്കുന്നു. റെയിൽവേ സ്റ്റേഷനു സമീപത്തുള്ള ഖാദർപേട്ട. അതിനുള്ള ഉദാഹരണമാണ്. ഇവിടത്തെ ഏറ്റവും വലിയ വിപണന കേന്ദ്രമാണിന്ന് ഖാദർ പേട്ട.