
പാലക്കാട്: രാഷ്ട്രീയ കലാ- സാംസ്കാരിക പരിപാടികൾ കൊണ്ട് സജീവമായിരുന്ന പാലക്കാട് നഗരസഭ ടൗൺ ഹാൾ കെട്ടിടത്തിന്റെ നവീകരണം ഇഴഞ്ഞുനീങ്ങുന്നു. ആറു വർഷം മുമ്പാണ് കെട്ടിടത്തിന്റെ ബലക്ഷയത്തെ തുടർന്ന് അരനൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം പൊളിച്ച് നവീകരിക്കാൻ തീരുമാനിച്ചത്. അടിത്തറയും ചുമരും ഉറപ്പുള്ളതിനാൽ ഇവ നിലനിർത്തി ആറുമാസം കൊണ്ട് കെട്ടിടം പൂർത്തീകരിക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നവീകരണം ആരംഭിച്ച് ഒരുവർഷം പിന്നിട്ടും പകുതി നിർമ്മാണംപോലും പൂർത്തിയായിട്ടില്ല. എന്നാൽ തൊട്ടടുത്ത ചെറിയ ടൗൺഹാളിന്റെ നവീകരണം പൂർത്തിയായി.
2014-ൽ കെട്ടിടം നിർമ്മാണത്തിന് പദ്ധതിയിട്ടെങ്കിലും ടെണ്ടർ എടുക്കാൻ ആരും വന്നിരുന്നില്ല. ഇതേതുടർന്ന് നിർമ്മാണം അനിശ്ചിതത്വത്തിലായതോടെ സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റ് നിർമ്മാണചുമതല ഏറ്റെടുത്തത്. ഷാഫി പറമ്പിൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് നവീകരണത്തിന് 3.77 കോടി രൂപ അനുവദിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ ഘടന അതേപടി നിലനിർത്തിയാണ് നിർമ്മാണം നടക്കുന്നത്. വാഹന പാർക്കിംഗിന് വിശാലമായ സൗകര്യം, കേന്ദീകൃത എ.സി സംവിധാനം, റോഡിൽ നിന്ന് നേരിട്ട് ഹാളിലേക്ക് പ്രവേശനം, സ്റ്റേജ്, ഓട്ടോമാറ്റിക് കർട്ടൻ, ചുമരുകളിൽ പെയിന്റിംഗ്, കുഷ്യൻ സീറ്റ്, സ്വീകരണകേന്ദ്രം, വിശ്രമമുറി, ശുചിമുറി എന്നിവയാണ് നവീകരണത്തിൽ ഉൾപ്പെടുന്നത്.
കെട്ടിടം പൊളിച്ചതോടെ നിലവിൽ പരിപാടികളെല്ലാം ചെറിയ കോട്ടമൈതാനത്താണ് നടക്കുന്നത്.
നവീകരണം വേഗത്തിലാക്കും
നവീകരണം ഇഴഞ്ഞ് നീങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നഗരസഭാ ചെയർപേഴ്സൺ പ്രിയ അജയൻ, കൗൺസിലർമാർ, ഹാബിറ്റാറ്റ് പ്രതിനിധികൾ എന്നിവരുടെ അവലോകനയോഗം ചേർന്നിരുന്നു. യോഗത്തിൽ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനം നവീകരണ പ്രവർത്തനത്തെ ബാധിച്ചതാണ് കാലതാമസത്തിന് കാരണം. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
സ്മിത, എ.ഇ, പാലക്കാട് നഗരസഭ.