iti-campus

പാലക്കാട്: കഞ്ചിക്കോട് ആരംഭിക്കുന്ന ഐ.ഐ.ടിയുടെ സ്ഥിരം കാമ്പസ് നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു. താത്കാലിക കാമ്പസായ നിളയിൽ നിന്ന് ജൂലായിൽ സ്ഥിരം കാമ്പസിലേക്ക് മാറ്റാൻ ലക്ഷ്യമിട്ടാണ് പ്രവർത്തികൾ അതിവേഗത്തിൽ പുരോഗമിക്കുന്നത്. നിലവിൽ 80 ശതമാനം പണികൾ പൂർത്തിയായി. കൊവിഡ് കാലത്ത് നിലച്ച നിർമ്മാണ പ്രവർത്തനങ്ങളാണ് വീണ്ടും തുടങ്ങിയിരിക്കുന്നത്. 2020 ഒക്ടോബറിലാണ് കാമ്പസിന് തറക്കല്ലിട്ടത്. അഞ്ച് കെട്ടിടങ്ങൾ ഉൾപ്പെട്ട അക്കാഡമിക് ബ്ലോക്ക്, ക്ലാസ് മുറി സമുച്ചയം, ഡിപ്പാർട്ട്‌മെന്റ് ബ്ലോക്കുകൾ, രണ്ട് ഹോസ്റ്റലുകൾ, അദ്ധ്യാപകർക്കും ജീവനക്കാർക്കുമുള്ള ബ്ലോക്ക്, രണ്ട് ലാബ് എന്നിവയാണ് നിർമ്മിക്കുന്നത്. 1006 കോടിയാണ് നിർമ്മാണ ചെലവ്.

ഗവേഷണങ്ങൾക്ക് കൂടി സഹായകമാകുന്ന രീതിയിൽ നാല് അക്കാഡമിക് കെട്ടിടങ്ങളാണ് നിർമ്മിക്കുന്നത്. എം.ടെക്കിനുള്ള ലബോറട്ടിയും ഈ കെട്ടിടത്തിന്റെ ഭാഗമാണ്. ഐ.ഐ.ടി പൊതുജനങ്ങൾക്കുകൂടി ഉപയോഗ പ്രദമാക്കുന്നതിനു വേണ്ടിയാണ് ലാർജ് ഇൻഫ്രാസ്ട്രക്ചർ ടെസ്റ്റിംഗ് ലാബ് ഒരുക്കുന്നത്. കെട്ടിടങ്ങളുടെ നിർമ്മാണ സംബന്ധമായ പരീക്ഷണങ്ങൾ, സംശയങ്ങൾ, പരിശോധനകൾ എന്നിവയ്ക്കും ലാബ് സഹായകമാകും. കൂടാതെ 500 വിദ്യാർത്ഥികൾ ഉൾക്കൊള്ളുന്ന രണ്ട് ഹോസ്റ്റലാണ് നിർമ്മിക്കുന്നത്. 500 പേർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാവുന്ന ഡൈനിംഗ് ഹാളും ഇവിടെ സജ്ജമാക്കും.

ഇതുകൂടാതെ ലക്ചർ ഹാൾ കോംപ്ലക്സിൽ 1500 വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന വിവിധ ലാബുകൾ, ക്ലാസ് മുറികൾ എന്നിവ ഉൾപ്പെടും. കമ്പ്യൂട്ടർ ലാബ്, ഫിസിക്സ് ലാബ്, കെമിസ്ട്രി ലാബ്, ചിത്രരചനാ ഹാൾ, ഇന്റർ ആക്ട്രീവ് ക്ലാസ് മുറി എന്നിവയും കോപ്ലക്സിലുണ്ട്. ഓൺലൈൻ ക്ലാസുകൾക്കുള്ള സ്റ്റുഡിയോ ക്ലാസ് മുറിയാണ് ക്ലോപ്ലക്സിന്റെ മറ്റൊരു പ്രത്യേകത. ഐ.ഐ.ടി കാമ്പസുകളെയെല്ലാം ബന്ധിപ്പിച്ച് നോളേജ് സ്ട്രീറ്റാണ് കാമ്പസിന്റെ മറ്റൊരു പ്രത്യേകത. എല്ലാ കെട്ടിടങ്ങളും നടന്നു കാണാനുള്ള നടപ്പാതയും ഒരുക്കുന്നുണ്ട്.

വാട്ടൽ കണക്ഷൻ, ഹോസ്റ്റൽ കെട്ടിടങ്ങളുടെ നിലംപണി, ലാബുകൾ ഉൾപ്പെടെയുള്ളവയുടെ മിനുക്കുപണികൾ എന്നിവയാണ് നിലവിൽ പൂർത്തിയാകാൻ ബാക്കിയുള്ളത്.

ഉണ്ണി, അഡ്വൈസർ, ഐ.ഐ.ടി, കഞ്ചിക്കോട്.