
പാലക്കാട്: കഞ്ചിക്കോട് തീപിടിത്തങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞദിവസം രണ്ടിടങ്ങളിൽ അഗ്നിബാധയുണ്ടായി. കഞ്ചിക്കോട് കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള 55 ഏക്കർ സ്ഥലത്തും കഞ്ചിക്കോട് ശിവൻ കോവിലിനു സമീപത്തുമാണ് തീപിടിത്തം ഉണ്ടായത്. 55 ഏക്കർ സ്ഥലത്തിലെ പുല്ല്, കുറ്റിച്ചെടികൾ, മരങ്ങൾ, അടിക്കാട് എന്നിവയ്ക്കാണ് തീപിടിച്ചത്. കാറ്റാടിപ്പാടത്തിനടുത്ത് ധാരാളം കമ്പനികൾ ഉണ്ടായിരുന്നു.
അടുത്തുള്ള കമ്പനികളിലേക്ക് പടരാതെ അഗ്നിശമനസേന അംഗങ്ങൾ തീയണച്ചു. കഞ്ചിക്കോട് അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ ടി.ആർ.രാകേഷ്, ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ എം.രമേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർ എൻജിൻ ഉപയോഗിച്ചാണ് തീ അണച്ചത്. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.
കഞ്ചിക്കോട് ശിവൻ കോവിലിനു സമീപം താമരക്കുളം സർവീസ് റോഡരികിലെ പറമ്പിലെ പുല്ല്, പ്ലാസ്റ്റിക് മാലിന്യം എന്നിവയ്ക്ക് രാത്രിയാണ് തീപിടിച്ചത്. കനത്ത പുകയും ചൂടും കാരണം പരിസരവാസികൾക്കും യാത്രക്കാർക്കും അപകടഭീഷണിയായിരുന്നു. കഞ്ചിക്കോട് അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ എം.രമേഷ് കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ പി.മനോജ്, ആർ.സതീഷ്, എസ്.സമീർ, ഹോംഗാർഡ് സി.അബ്ദുൾ റസാഖ്, സിവിൽ ഡിഫൻസ് അംഗങ്ങളായ രമേശ്, സുജിത്ത് എന്നിവർ ചേർന്നാണ് തീ അണച്ചത്.