plants

അലനല്ലൂർ: പൊന്നിനേക്കാൾ വിലയുള്ള ഊദിൽ നിന്ന് പ്രതീക്ഷയുടെ സുഗന്ധം പരത്താനൊരുങ്ങുകയാണ് അലനല്ലൂരിലെ ഒരുകൂട്ടം കർഷകർ. അസമിൽ നിന്നും ആയിരത്തിലധികം ഊദ് തൈകളാണ് അലനല്ലൂരിലെത്തിയിട്ടുള്ളത്.

മുമ്പ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഊദ് കൃഷി കേരളത്തിലെത്തിയിട്ട് അധികമായിട്ടില്ല. ഇവിടുത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ മരമാണ് ഊദ്. റബർ, കമുക്, തെങ്ങിൻ തോട്ടങ്ങളിലെല്ലാം ഇവ വളരും. എട്ട് മുതൽ പത്ത് വർഷത്തിനകം മൂപ്പാകും. പാകമാകുന്നതോടെ പ്രത്യേകതരം വണ്ടുകൾ മരം തുരക്കും. ഈ ദ്വാരത്തിലൂടെ ചിലയിനം ഫംഗസുകൾ വ്യാപിക്കുതോടെ ഊദ് മരം അതിനെ ചെറുക്കുകയും തവിട്ടു നിറത്തിലുള്ള പശ ഉല്പാദിപ്പിക്കുകയും ചെയ്യും. മരം വെട്ടി കാതൽ പുറ്റ് എടുത്താണ് ഊദ് തൈലം ഉണ്ടാക്കുന്നത്. ഒരു മരത്തിൽ നിന്നും ശരാശരി നാല് കിലോഗ്രാം കാതൽ ലഭിക്കാറുണ്ട്. വണ്ടുകൾ വരാത്ത പക്ഷം കൃത്രിമമായി ഫംഗസുകളെ പ്രത്യേക രീതിൽ മരത്തിന്റെ കലകളിലെത്തിച്ചും ഊദ് ഉല്പാദിപ്പിക്കാറുണ്ട്.

സുഗന്ധ വ്യവസായത്തിലെ മിന്നും താരമായ ഊദ് വലിയ പ്രതീക്ഷയോടെയാണ് കർഷകർ നടുന്നത്. അലനല്ലൂരിൽ ഇതിനകം നിരവധി കർഷകർ നൂറ് കണക്കിന് തൈകൾ നട്ടിട്ടുണ്ട്. അലനല്ലൂരിലെ യുവ കർഷകരായ ഷെരീഫ് പാലക്കണ്ണി, ബി. മുനവ്വർ അഹമ്മദ് എന്നിവരാണ് ആവശ്യക്കാർക്ക് ഊദ് തൈകൾ എത്തിച്ച് നൽകുന്നത്‌.

ഊദ് ചില്ലറക്കാരനല്ല്

വിപണിയിൽ പത്ത് മില്ലിഗ്രാം ഊദ് എണ്ണയ്ക്ക് ഇരുപതിനായിരം രൂപ വരെ വിലയുണ്ട്. മരത്തിന്റെ നാശം തുടങ്ങുമ്പോഴാണ് ഊദ് ലഭിച്ചു തുടങ്ങുക. അഗർ – അക്വിലേറിയ എന്നറിയപ്പെടുന്ന ഊദിന്റെ തൈകളാണ് വ്യാപകമായുള്ളത്. ഇതിന്റെ 21 വിഭാഗം അഗർ മരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 40മീറ്റർ വരെ ഇവയ്ക്ക്ഉയരം വരാറുണ്ട്. കാലപ്പഴക്കം കൂടുന്നതിനനുസരിച്ചാണ് മരത്തിന് വിപണിമൂല്യം കൂടുക. രോഗം വരുന്നതോടെയാണ് ഊദ് ഊറാൻ തുടങ്ങുക. കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ പണം കൊയ്യാൻ കഴിയുന്നതാണ് ഊദ് കൃഷി. അഞ്ച് വർഷം പ്രായമാകുതോടെ ഊദ് മരത്തിന് വിത്തിലൂടെ പുതിയ തൈകൾ ഉൽപ്പാദിപ്പിക്കാനാകും.